ന്യൂഡല്‍ഹി: ക്ഷേത്ര-മസ്ജിദ് തര്‍ക്കങ്ങള്‍ കൂടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. രാമക്ഷേത്രം ഒരു വികാരമായിരുന്നു, എല്ലായിടത്തും ഇത് ഉദാഹരണമാക്കേണ്ടെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്ത് വിവിധയിടങ്ങളില്‍ അയോധ്യ രാമക്ഷേത്രത്തിന് സമാനമായ അവകാശവാദങ്ങള്‍ ഉയര്‍ന്നുവരുന്നതിനിടെയാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചതിന് ശേഷം ചില വ്യക്തികള്‍ അത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നു. അവര്‍ ഹിന്ദുക്കളുടെ നേതാക്കളാകാന്‍ ശ്രമിക്കുന്നുവെന്നും മോഹന്‍ ഭാഗവത് വിമര്‍ശിച്ചു. വ്യത്യസ്തമായ വിശ്വാസങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും എങ്ങനെ യോജിപ്പോടെ പോകാനാകും എന്നതിന് ഇന്ത്യ ഒരു മാതൃകയാകണമെന്നും പൂനെയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ മോഹന്‍ ഭാഗവത് പറഞ്ഞു.
'മുന്‍കാലങ്ങളില്‍ സംഭവിച്ച തെറ്റുകളില്‍ നിന്ന് ഭാരതീയര്‍ പാഠം പഠിക്കുകയും ലോകത്തിന് മുന്നില്‍ രാജ്യത്തെ മാതൃകയാക്കാന്‍ ശ്രമിക്കുകയും വേണം. രാമക്ഷേത്രം വിശ്വാസത്തിന്റെ കാര്യമായിരുന്നു. അത് നിര്‍മ്മിക്കപ്പെടണമെന്ന് ഹിന്ദുക്കള്‍ക്ക് തോന്നി. എന്നാല്‍ മറ്റ് പലയിടങ്ങളിലും പുതിയ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് വിദ്വേഷമുണ്ടാക്കുന്നത് അംഗീകരിക്കാനാകില്ല', മോഹന്‍ ഭാഗവത് പറഞ്ഞു. രാജ്യത്ത് ന്യൂനപക്ഷവും ഭൂരിപക്ഷവും ഇല്ലെന്നും എല്ലാവരും ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: RSS chief Mohan Bhagwat Says That Don't rake up Ram temple-like issues elsewhere