ന്യൂഡൽഹി: ഉയർന്ന ശമ്പളമുള്ള ആളുകൾ രാജ്യം വിടണമെന്നും, ഇതാണ് ശരിയായ സമയമെന്നുമുളള സ്റ്റാർട്ടപ്പ് സ്ഥാപകൻ്റെ കുറിപ്പ് സമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. വിഷയം സാമൂഹ്യ മാധ്യമങ്ങളിൽ വൻ ചർച്ചയ്ക്ക് വഴി വെച്ചതോടെ കമ്പനി ഉടമ പോസ്റ്റ് നീക്കം ചെയ്തിരുന്നു. നിരവധി പേർ പോസ്റ്റ് റീ പോസ്റ്റ് ചെയ്തിരുന്നു. എന്തുകൊണ്ടാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തതെന്നും വ്യക്തമല്ല.
ഇന്ത്യയിലെ തന്നെ മികച്ച എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച ശേഷം യുഎസിൽ ബിരുദാനന്തര ബിരുദം നേടിയ ആളാണ് താൻ എന്ന് യുവാവ് പോസ്റ്റിൽ കുറിച്ചു. പഠനത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചു വരികയും 2018ൽ ഒരു സ്റ്റാർട്ടപ്പ് കമ്പനി ആരംഭിക്കുകയും ചെയ്തു. മുപ്പതോളം ജീവനക്കാരാണ് സ്ഥാപനത്തിലുളളത്. 15 ലക്ഷത്തോളം അവരുടെ ശമ്പളത്തിനായി ചിലവഴിക്കുന്നുണ്ട്. സ്ഥാപനവും ലാഭത്തിലാണ്. എന്നിരുന്നാലും രാജ്യം വിടാന്‍ ഉചിതമായ സമയം ഇതാണെന്നാണ് കമ്പനി ഉടമ പോസ്റ്റിൽ പറയുന്നത്. അതിനുള്ള കാരണങ്ങളും വ്യക്തമാക്കുന്നുണ്ട്.
മണ്ടത്തരം നിറഞ്ഞ നിയമ നിയന്ത്രണങ്ങൾ മൂലം ഇന്ത്യയിലെ നവീകരണം തടസ്സപ്പെടുന്നുണ്ട്. രാഷ്ട്രീയ നേതാക്കൾ, സെലിബ്രിറ്റികൾ, ബ്യൂറോക്രാറ്റുകൾ എന്നീ വിഭാഗക്കാരുമായി ബന്ധമുണ്ടെങ്കിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടക്കും. കമ്പനിയുടെ ആപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസാണ് ഇതിന് ഉദാഹരണമായി കമ്പനി ഉടമ ചൂണ്ടിക്കാട്ടുന്നത്. കമ്പനിയുടെ ആപ്പുമായി ബന്ധപ്പെട്ട ഒരു തട്ടിപ്പ് കേസ് പരിഹരിക്കുന്നതിൽ പൊലീസിനെ സഹായിച്ചിരുന്നു. തട്ടിപ്പിന് ഇരയായവരുടെ പണം വീണ്ടെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴും കേസ് തുടരുകയാണ്. കേസ് അവസാനിപ്പിക്കാൻ കൈക്കൂലി ആവശ്യപ്പെടുകയാണെന്നും കമ്പനി ഉടമ പോസ്റ്റിൽ കുറിച്ചു.
വിവിധ സേവന ദാതാക്കളിൽ നിന്ന് പതിവായി 'പ്രാദേശിക വിദ്വേഷം' അനുഭവപ്പെടുന്നതായും പോസ്റ്റിൽ പറയുന്നുണ്ട്. ഓട്ടോ ഡ്രൈവർമാർ, ക്യാബ് ഡ്രൈവർമാർ, റസ്റ്ററന്റ് നടത്തിപ്പുകാർ എന്നിവരിൽനിന്നും ഈ വേർതിരിവ് അനുഭവിക്കുന്നുണ്ട്. പണക്കാരനല്ലങ്കിലോ, വിലകൂടിയ വസ്ത്രം ധരിച്ചില്ലെങ്കിലോ ആളുകൾ ആരും വിലമതിക്കില്ല. വലിയ നികുതി പിരിച്ചെടുത്തിട്ടും രാജ്യത്ത് നല്ല റോഡുകളോ ആശുപത്രികളോ ഇല്ല. മോശം പൊതു സേവനത്തിന് ഉയർന്ന നികുതിയാണ് നൽകേണ്ടത്. വരാനിരിക്കുന്ന സാമ്പത്തിക തകർച്ച, മൂല്യത്തകർച്ച എന്നിവയെക്കുറിച്ചും പോസ്റ്റിൽ പറയുന്നുണ്ട്.
രാജ്യത്തെ സാമ്പത്തിക മികവിലേക്കു നയിക്കാൻ ശേഷിയില്ലാത്തതിനാൽ പോപ്‌കോണിനുപോലും വലിയ നികുതി നൽകണം. അമിതമായ നികുതി ചുമത്തലിനെ പരിഹസിച്ച അദ്ദേഹം പോസ്റ്റിൽ ഇങ്ങനെ കുറിച്ചു. 'പോപ്‌കോണിന് നികുതി പോലും ചുമത്തുന്ന രാജ്യം വിടുന്നതാണ് നല്ലത്'. യുഎഇ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കു കുടിയേറുന്നതാണ് നല്ലതെന്നും പോസ്റ്റിൽ കൂട്ടിച്ചേർത്തു. പോസ്റ്റിനെ അനുകൂലിച്ചും എതിർത്തും നിരവധിപേരാണ് കമന്റുകളിട്ടത്. ഷേയർ ചെയ്തവരുടെ എണ്ണവും കുറവല്ല.
Content Highlight: Indian Startup Company Owner Decide to Leave India for Increasing Tax rate