ലക്‌നൗ: ഉത്തർപ്രദേശിൽ മൂന്ന് ഖലിസ്ഥാൻ ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു. പഞ്ചാബിലെ ഗുർദാസ്‌പുർ പൊലീസ് ചെക്ക്പോസ്റ്റ് ആക്രമിച്ച കേസിലെ പ്രതികളായ മൂന്ന് ഭീകരരാണ് കൊല്ലപ്പെട്ടത്.
യുപി പൊലീസും പഞ്ചാബ് പൊലീസും സംയുക്തമായി നടത്തിയ എൻകൗണ്ടർ ഓപ്പറേഷനിലാണ് മൂവരും കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട ഗുർവീന്ദർ സിങ്, ജസ്പ്രീത് സിങ്, വിരേന്ദർ സിങ് എന്നിവർ നിരോധിക്കപ്പെട്ട ഖാലിസ്ഥാൻ കമാൻഡോ ഫോഴ്സ് എന്ന സംഘടനയിലെ അംഗങ്ങളാണ്. ഇവരുടെ പക്കൽ നിന്ന് രണ്ട് എകെ 47 റൈഫിളുകൾ, രണ്ട് ഗ്ലോക്ക് പിസ്റ്റലുകൾ, ബുള്ളറ്റുകൾ എന്നിവ പൊലീസ് കണ്ടെടുത്തു.
യുപിയിലെ പിലിഭിത്ത് ജില്ലയിലായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. പഞ്ചാബ് പൊലീസ് ജില്ലയിലെ പുരാൻപുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി യുപി പൊലീസിന് വിവരം കൈമാറിയിരുന്നു. ഇതനുസരിച്ച് തിങ്കൾ പുലർച്ചെ നടന്ന ദൗത്യത്തിലാണ് ഭീകരരെ വധിച്ചത്.
Content Highlights: Three khalistan terrorists killed in UP