ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു. ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു. 9.59നാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്.
രണ്ട് തവണയാണ് മൻമോഹൻ സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്. 2004 മെയ് 22ന് ഇന്ത്യയുടെ 14-ാമത് പ്രധാനമന്ത്രിയായായിരുന്നു മൻമോഹൻ സിംഗ് അധികാരമേറ്റത്. പിന്നീട് 2009 മെയ് 22നും പ്രധാനമന്ത്രിയായി.
1935 സെപ്റ്റംബർ 26നാണ് ഡോ. മൻമോഹൻ സിംഗിന്റെ ജനനം. 1948ൽ പഞ്ചാബിൽ നിന്ന് മെട്രിക്കുലേഷൻ പരീക്ഷ പാസായ അദ്ദേഹം 1957ൽ കാംബ്രിഡ്ജ് സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുധം സ്വന്തമാക്കി. ഓക്സ്ഫോർഡ് സർവകലാശാലയിലെ നഫിൽഡ് കോളേജിൽ ചേർന്ന് 1962ൽ അദ്ദേഹം സാമ്പത്തിക ശാസ്ത്രത്തിൽ ഡി ഫിൽ പൂർത്തിയാക്കി.
പഠനത്തിന് ശേഷം പഞ്ചാബ് സർവകലാശാലയിലും ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സിലും അധ്യാപകനായും മൻമോഹൻ സിംഗ് പ്രവർത്തിച്ചിട്ടുണ്ട്. അക്കാദമിക രംഗത്തും തന്റേതായ മുദ്ര പതിപ്പിക്കാൻ ഇതോടെ അദ്ദേഹത്തിന് സാധിച്ചു. യുഎൻസിടിഐഡിയോടൊപ്പമുള്ള പ്രവർത്തനം പിൽക്കാലത്ത് അദ്ദേഹത്തെ ജനീവ സൗത്ത് കമ്മീഷന്റെ സെക്രട്ടറി ജനറൽ പദവിയിലെത്തിച്ചു. 1971ലാണ് അദ്ദേഹം വാണിജ്യ മന്ത്രാലയത്തിൽ സാമ്പത്തികശാസ്ത്ര ഉപദോഷ്ടാവായി ചേരുന്നത്. 1972ൽ ധനമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്ര ഉപദേഷ്ടാവായി. ധനകാര്യ മന്ത്രാലയം സെക്രട്ടറി, പ്ലാനിംഗ് കമ്മീഷൻ ഡപ്യൂട്ടി ചെയർമാൻ, റിസർവ് ബാങ്ക് ഗവർണർ, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ചെയർമാൻ തുടങ്ങിയ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
1991-1996 കാലഘട്ടത്തിലായിരുന്നു സിംഗ് ഇന്ത്യയുടെ ധനകാര്യമന്ത്രിയായി എത്തുന്നത്. സുപ്രധാനമായ പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ആഡംസ്‌മിത്ത് പുരസ്‌കാരം (കേംബ്രിജ് സർവകലാശാല), ലോകമാന്യ തിലക് പുരസ്‌കാരം, ജവഹർലാൽ നെഹ്‌റു ജന്മശതാബ്ദി പുരസ്കാരം, മികച്ച പാർലമെന്‍റേറിയനുള്ള പുരസ്കാരം എന്നിവയടക്കമുള്ള നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
1987ൽ അദ്ദേഹത്തിന് പത്മഭൂഷൺ ലഭിച്ചിട്ടുണ്ട്. 1993ല്‍ സൈപ്രസില്‍ നടന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്‍മാരുടെ യോഗത്തിലേക്കും വിയന്നയില്‍ നടന്ന ലോക മനുഷ്യാവകാശ സമ്മേളനത്തിലേക്കുമുള്ള ഇന്ത്യന്‍ സംഘത്തെ നയിച്ചു. 1998 മുതൽ 2004 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. പൊതുതിരഞ്ഞെെടുപ്പിനെ തുടർന്നാണ് 2004ൽ പ്രധാനമന്ത്രി പഥത്തിലേക്കെത്തുന്നത്.
Content Highlight: EX prime minister Manmohan singh passed away