'രാജ്യത്തിനായി ചെയ്തതൊക്കെയും എന്നെന്നും ഓര്‍മിക്കപ്പെടും'; മൻമോഹൻ സിം​ഗിന് ആദരാഞ്ജലിയർപ്പിച്ച് മമ്മൂട്ടി

സമൂഹ മാധ്യമങ്ങളിലൂടെയാണ് നടൻ അനുശോചനം രേഖപ്പെടുത്തിയത്

dot image

കൊച്ചി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വിയോഗത്തിൽ അനുശോചിച്ച് നടൻ മമ്മൂട്ടി. 'നിങ്ങളുടെ വിവേകവും വിനയവും ഈ രാജ്യത്തിനായി ചെയ്തതൊക്കെയും എന്നെന്നും ഓര്‍മിക്കപ്പെടും,' എന്നാണ് മമ്മൂട്ടി കുറിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് നടൻ അനുശോചനം രേഖപ്പെടുത്തിയത്.

മൻമോഹൻ സിംഗിന്റെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോ​​ദി കുറിച്ചത്. എളിയ ജീവിത സാഹചര്യങ്ങളിൽ നിന്ന് ഒരു സാമ്പത്തിക ശാസ്ത്രജ്ഞനായി ഉയർന്നു വന്ന അദ്ദേഹം ധനമന്ത്രി ഉൾപ്പെടെ വിവിധ സർക്കാർ പദവികളിൽ സേവനമനുഷ്ഠിച്ചു. ഇന്ത്യയുടെ സാമ്പത്തിക നയത്തിൽ ശക്തമായ മുദ്ര പതിപ്പിച്ചു. പാർലമെൻ്റിലുളള ഇടപെടലുകളും ഉൾക്കാഴ്ചയുള്ളതായിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താതിനായി അദ്ദേഹം വിപുലമായ ശ്രമങ്ങൾ നടത്തിയതെന്നും പ്രധാനമന്ത്രി കുറിച്ചു.

ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു മന്‍മോഹന്‍ സിംഗിന്റെ അന്ത്യം. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു. 2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിയായിരുന്ന സിംഗ് 2024ല്‍ 33 വര്‍ഷം നീണ്ട രാഷ്ട്രീയജീവിതം അവസാനിപ്പിച്ച് രാജ്യസഭയില്‍ നിന്ന് വിരമിച്ചിരുന്നു. പി വി നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ 1991 ജൂണില്‍ ധനമന്ത്രിയായി. രാജ്യസഭയിലേക്കുള്ള അദ്ദേഹത്തിന്റെ രംഗപ്രവേശവും 1991ലായിരുന്നു. ഉപരിസഭയില്‍ അദ്ദേഹം അഞ്ച് തവണ അസമിനെ പ്രതിനിധീകരിച്ച് എത്തിയിരുന്നു. 2019ല്‍ രാജസ്ഥാനിലേക്ക് മാറി. നോട്ട് നിരോധനത്തിനെതിരായായിരുന്നു അദ്ദേഹത്തിന്റെ അവസാന ഇടപെടല്‍. 'സംഘടിതവും നിയമവിധേയമാക്കപ്പെട്ടതുമായ കൊള്ള' എന്നായിരുന്നു അദ്ദേഹം നോട്ട് നിരോധനത്തിന് നല്‍കിയ വിശേഷണം.

1932ല്‍ പഞ്ചാബിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തരതലത്തില്‍ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു ഡോ. മന്‍മോഹന്‍ സിംഗ്. 2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിയായിരുന്ന സിംഗ് ഈ വര്‍ഷം ആദ്യം രാജ്യസഭയില്‍ നിന്ന് വിരമിച്ചിരുന്നു. 1998 മുതല്‍ 2004 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായും സിംഗ് സേവനമനുഷ്ഠിച്ചു. 2004 മെയ് 22 നും, 2009 മെയ് 22 നും പ്രധാനമന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു.

Content Highlights: Mammootty condoles on the demise of Manmohan Singh

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us