നന്ദ്യാൽ: മകൻ ട്രാൻസ്‌ജെൻഡറിനെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ നന്ദ്യാൽ ജില്ലയിലാണ് സംഭവം. സുബ്ബ റായിഡു(45), സരസ്വതി(38) എന്നിവരാണ് ആത്മഹത്യ ചെയ്തത്.
24 കാരനായ മകൻ സുനിൽ കുമാർ സ്മിത എന്ന ട്രാൻസ്ജെൻഡറുമായി മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. ട്രാൻസ്ജെൻഡറിനെ വിവാഹം കഴിക്കണെന്ന് മകൻ ആഗ്രഹം പ്രകടിപ്പിച്ചതിന് പിന്നാലെ സുബ്ബ റായിഡുവും സരസ്വതിയും കീടനാശിനി കഴിച്ച് ജീവനൊടുക്കുകയായിരുന്നു.
ബിടെക് ബിരുദധാരിയായ സുനിൽ കുമാർ ഓട്ടോ ഡ്രൈവറാണ്. മകനോട് തങ്ങൾക്കിഷ്ടപ്പെട്ട യുവതിയെ വിവാഹം ചെയ്യാൻ മാതാപിതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ സുനിൽ പ്രണയം തുറന്നുപറയുകയായിരുന്നു. ബന്ധം ഉപേക്ഷിക്കണമെന്ന് മാതാപിതാക്കൾ ഏറെ നിർബന്ധിച്ചെങ്കിലും സുനിൽ അതിന് വഴങ്ങിയില്ല.
കൗൺസിലിങ്ങിനുൾപ്പെടെ മകനെ ഇരുവരും കൊണ്ടുപോയെങ്കിലും തീരുമാനം സുനിൽ കുമാർ തയ്യാറായില്ല. താൻ സ്മിതയെ മാത്രമേ വിവാഹം കഴിക്കൂവെന്ന ഉറച്ച തീരുമാനത്തിലായിരുന്നു സുനിൽ. ഇതോടെയാണ് മാതാപിതാക്കൾ ജീവനൊടുക്കിയത്. ഈ വിഷയത്തിൽ സുനിൽ കുമാർ നേരത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്മിതയ്ക്കായി ഒന്നരലക്ഷം രൂപ ഇയാൾ ചിലവഴിച്ചതായും മാതാപിതാക്കളോട് തുക ആവശ്യപ്പെട്ട് ശല്യമുണ്ടാക്കിയതായും പൊലീസ് കണ്ടെത്തി. സംഭവത്തിൽ അന്വേഷണം തുടങ്ങി.
Content Highlights: Parents die by suicide in Andhra over son's decision to marry transgender