ചെന്നൈ: നടൻ വിജയ്‌യുടെ 'വലംകൈ'യും ടിവികെ ജനറൽ സെക്രട്ടറിയുമായ ബുസ്സി ആനന്ദ് അറസ്റ്റിൽ. വിജയ് സ്ത്രീസുരക്ഷയെ കുറിച്ച് എഴുതിയ കത്ത് അനുമതിയില്ലാതെ വിതരണം ചെയ്തു എന്നാരോപിച്ചാണ് അറസ്റ്റ്.
അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടന്ന ബലാത്സംഗം സംബന്ധിച്ച് വിജയ്‍യും ബുസ്സി ആനന്ദും ഗവർണർ ആർ എൻ രവിയെ കണ്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയായിരുന്നു ബുസ്സി ആനന്ദിന്റെ അറസ്റ്റ്. ഇതേതുടർന്ന് പാർട്ടി അനുയായികളും മറ്റും വലിയ ബഹളമുണ്ടാക്കി.
കഴിഞ്ഞ ദിവസം സ്ത്രീ സുരക്ഷയ്ക്കായി ആരോടാണ് ആവശ്യപ്പെടേണ്ടതെന്ന ചോദ്യവുമായി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് കത്തെഴുതിയിരുന്നു. പാർട്ടിയുടെ ഔദ്യോഗിക ലെറ്റർഹെഡിൽ “പ്രിയ സഹോദരിമാരെ” എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു വിജയ്‌യുടെ ചോദ്യം.
“നിങ്ങളുടെ സുരക്ഷയെക്കുറിച്ച് ഞങ്ങൾ ആരെയാണ് ചോദ്യം ചെയ്യേണ്ടത്? നമ്മളെ ഭരിക്കുന്നവരോട് എത്ര ചോദിച്ചാലും അർത്ഥമില്ലെന്നാണ് അറിയുന്നത്. അതിനാണ് ഈ കത്ത്. തമിഴ്‌നാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ എല്ലാ ദിവസവും സ്ത്രീകൾ ആൾക്കൂട്ട അതിക്രമങ്ങൾക്കും ലൈംഗിക കുറ്റകൃത്യങ്ങൾക്കും വിധേയരാകുന്നു. അവരുടെ സഹോദരൻ എന്ന നിലയിൽ വിഷാദത്തിനും വിശദീകരിക്കാനാകാത്ത വേദനക്കും വിധേയനാണ്", വിജയ് കത്തിൽ കുറിച്ചത് ഇങ്ങനെയാണ്.
ഡിസംബർ 23 -ന് രാത്രി എട്ട് മണിയോടെയാണ് അണ്ണാ സർവകലാശാല ക്യാംപസിൽ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായത്. പള്ളിയിൽ പോയ പെൺകുട്ടി സുഹൃത്തിനൊപ്പം ക്യാംപസിലേക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു ക്രൂരപീഡനം. കോട്ടുപുരം സ്വദേശി ജ്ഞാനശേഖര(37)നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്നയാളാണ് ജ്ഞാനശേഖരൻ. കോട്ടൂർപുരം പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ വേറെയും കേസുകളുണ്ട്.
Content Highlights: Vijays close aide bussy anand arrested