ന്യൂ ഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാര്‍ട്ടി - കോൺഗ്രസ് പോര് കടുക്കും. കാൽക്കാജി മണ്ഡലത്തിൽ മുഖ്യമന്ത്രി അതിഷി മർലെനയ്‌ക്കെതിരെ മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ അൽക്ക ലാംബയെ കോൺഗ്രസ് സ്ഥാനാർഥിയായി തീരുമാനിച്ചു.
'ഇൻഡ്യ' സഖ്യമില്ലാതെ മത്സരിക്കുന്ന ആം ആദ്മിയും കോൺഗ്രസും തമ്മിലുള്ള ശക്തമായ നേർക്കുനേർ പോരാട്ടമാണ് ഡൽഹിയിൽ ഒരുങ്ങുന്നത്. അരവിന്ദ് കെജ്‌രിവാളിനെതിരെ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ സന്ദീപ് ദീക്ഷിതിനെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇരു കക്ഷികളും രാഷ്ട്രീയയുദ്ധം ആരംഭിച്ചിരുന്നു. സന്ദീപ് ദീക്ഷിത് നൽകിയ പരാതിയിൽ ആം ആദ്മി പാർട്ടി പ്രഖ്യാപിച്ച പദ്ധതികളുടെ പേരിൽ ലഫ്. ഗവർണർ അന്വേഷണത്തിന് ഉത്തരവിട്ടതാണ് ഇരുപാർട്ടികളും തമ്മിലുള്ള വാദപ്രതിവാദത്തിന് കാരണമായത്.
മഹിളാ സമ്മാൻ യോജന പദ്ധതിക്കെതിരെയും, കോൺഗ്രസ് സ്ഥാനാർത്ഥികളുടെ വീടിനരികെ പഞ്ചാബ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിരിക്കുന്നു എന്ന ആരോപണത്തിലുമായിരുന്നു അന്വേഷണത്തിന് ഉത്തരവ്. ഇക്കാര്യം ആവശ്യപ്പെട്ട് സന്ദീപ് ദിക്ഷിത് വികെ സക്സേനയെ കണ്ടിരുന്നു. അർഹരായ സ്ത്രീകൾക്ക് മാസം 2100 രൂപ നൽകുന്ന പദ്ധതിയാണ് മഹിളാ സമ്മാൻ യോജന. ഈ പദ്ധതിയിൽ ഉൾപ്പെടുന്നതിനായി സ്ത്രീകളുടെ രജിസ്‌ട്രേഷനും സർക്കാർ ആരംഭിച്ചിരുന്നു. എന്നാൽ ഈ പദ്ധതി ഇനിയും നോട്ടിഫൈ ചെയ്തിട്ടില്ലെന്നും, ഇങ്ങനെയൊരു പദ്ധതി നിലവിലില്ലെന്നും ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട വകുപ്പുകൾ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. പക്ഷെ അപ്പോളേക്കും നിരവധി സ്ത്രീകളുടെ വ്യക്തിഗത വിവരങ്ങൾ അധികൃതർ ശേഖരിച്ചിരുന്നു. ഇതാണ് വിവാദത്തിന് കാരണമായത്.
ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ വീടിന് സമീപത്ത് പഞ്ചാബിൽ നിന്നുള്ള ഇന്റലിജൻസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നു എന്നതായിരുന്നു കോൺഗ്രസിന്റെ മറ്റൊരു ആരോപണം. പഞ്ചാബിൽ നിന്നും ഡൽഹിയിലേക്ക് കോടിക്കണക്കിന് പണം കൊണ്ടുവന്നുവെന്ന കോൺഗ്രസ് പരാതിയിൽ, ചീഫ് സെക്രട്ടറിയോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കാൻ ലെഫ്റ്റനന്റ് ഗവർണർ ഉത്തരവിട്ടിരുന്നു. വിഷയത്തിൽ കോൺഗ്രസിനെതിരെ ആം ആദ്മി രംഗത്തുവന്നതോടെ ഇൻഡ്യ സഖ്യത്തിലും മുറുമുറുപ്പുകൾ ഉണ്ടായിരുന്നു.
Content Highlights: Congress fields Alka Lamba against CM Atishi in Kalkaji