തമിഴ്നാട്ടിൽ സിപിഐഎമ്മിന് പുതിയ സെക്രട്ടറി, വാച്ചാത്തിയിലെ ക്രൂരത പുറംലോകത്തോട് വിളിച്ചു പറഞ്ഞ പി ഷൺമുഖം

വില്ലുപുരത്ത് വെച്ച് നടന്ന 24-ാമത് സംസ്ഥാന സമ്മേളനത്തിലാണ് തീരുമാനം ഉണ്ടായത്.

dot image

വില്ലുപുരം: തമിഴ്നാട് സിപിഐഎം സംസ്ഥാന സെക്രട്ടറിയായി പി ഷൺമുഖം ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു.
വില്ലുപുരത്ത് വെച്ച് നടന്ന 24-ാമത് സംസ്ഥാന സമ്മേളനത്തിലാണ് തീരുമാനം ഉണ്ടായത്. മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ ബാലകൃഷണൻ്റെ പദവിയിലിരിക്കേണ്ട പ്രായപരിധി കടന്നത് കണക്കിലെടുത്താണ് സ്ഥാനമാറ്റം ഉണ്ടായത്. ഞായറാഴ്ച സമാപിച്ച മൂന്നു ദിവസം നീണ്ടു നിന്ന സമ്മേളനത്തിൽ തമിഴ്‌നാട്ടിൽ നിന്നുള്ള 600-ലധികം പ്രതിനിധികൾ പങ്കെടുത്തിരുന്നു. പാർട്ടി പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, കേന്ദ്ര കമ്മിറ്റി അംഗം യു. വാസുകി, ബാലകൃഷ്ണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തു.

തമിഴ്നാട് ട്രൈബൽ അസോസിയേഷൻ്റെ പ്രഥമ ജനറൽ സെക്രട്ടറിയായിരുന്നു പി ഷൺമുഖം, 1992 ൽ പൊലീസിൻ്റെയും വനപാലകരുടെയും കടുത്ത പീഡനങ്ങൾ നേരിട്ട വാച്ചാതി ജനതയെ കാണാന്‍ പുറത്തു നിന്നെത്തിയ ആദ്യ രാഷ്ട്രീയ നേതാവായിരുന്നു ഷണ്‍മുഖം. വാച്ചാത്തിയിലെ ക്രൂരകൃത്യങ്ങൾ രാജ്യ ശ്രദ്ധയിലേക്ക് എത്തിക്കുകയും ചെയ്തു. പിന്നാലെ സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവുണ്ടായി.

1992 ജൂണ് 20 നാണ് വാച്ചാത്തിയില് ഭരണകൂട ക്രൂരത നടക്കുന്നത്. വീരപ്പന് വേട്ടയുടെ മറവിൽ ധർമ്മപുരിയിലെ ചിത്തേരി മലനിരകളുടെ താഴ്വരയിലുള്ള വാച്ചാത്തി എന്ന ആദിവാസി ഗ്രാമത്തിലേക്ക് വനംവകുപ്പിലെയും പോലീസിലെയും 269 ഉദ്യോഗസ്ഥർ സായുധരായി കുതിച്ചെത്തി. കണ്ണിൽ കണ്ടവരെയെല്ലാം ക്രൂരമായി മർദ്ദിച്ചു. 154 ഓളം വീടുകൾ ചുട്ടെരിച്ചു. പുരുഷന്മാർ ജീവനുംകൊണ്ട് ഓടിയതോടെ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു. രണ്ട് ദിവസത്തോളം അവിടെ തമ്പടിച്ച ഉദ്യോഗസ്ഥ സംഘം മനുഷ്യത്വത്തിൻ്റെ ഒരു കണികപോലും കാണിക്കാതെ ആ ഗ്രാമം ചുട്ടുചാമ്പലാക്കി. വളർത്തുമൃഗങ്ങളെ വരെ ചുട്ടുകൊന്നു. പോരാത്തതിന് സ്ത്രീകളും കുട്ടികളുമടങ്ങുന്ന 133 ഗ്രാമീണരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുകയും ചെയ്തു.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില് നടന്ന ഏറ്റവും ഭീകരമായ ഭരണകൂടവേട്ടകളിലൊന്നായിരുന്നു വാച്ചാത്തിയിൽ അരങ്ങേറിയത്. സായുധരായ ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെടാതെ ഓടി രക്ഷപ്പെട്ട് ദിവസങ്ങളോളം കാട്ടിൽ കഴിഞ്ഞ ഗ്രാമീണർ വഴിയാണ് ഈ കൊടുംക്രൂരതകളുടെ വിവരങ്ങൾ പുറം ലോകമറിയുന്നത്.

തിരുച്ചിയിലെ ലാൽഗുഡിക്കടുത്തുള്ള പെരുവാളനല്ലൂരിൽ ജനിച്ച പി ഷൺമുഖം എസ്എഫ്ഐ സംസ്ഥാന അധ്യക്ഷനായും, ജനറൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ തമിഴ്നാട് കർഷക സംഘടന പ്രസിഡൻ്റാണ് ഷൺമുഖം. ബി​ജെപിയോടുള്ള എതിർപ്പ് ശക്തമായി തുടരുമെന്നും തമിഴ്‌നാട്ടിൽ ജനങ്ങളുടെ ഉപജീവനത്തെ ബാധിക്കുന്ന ഭരണകക്ഷിയായ ഡിഎംകെയുടെ നയങ്ങളെയും പാർട്ടി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽരഹിതരായ യുവാക്കൾ രാജ്യത്ത് വർധിക്കുന്നതിൽ കേന്ദ്ര സർക്കാരിനെതിരെയും ഷൺമുഖം രൂക്ഷമായ വിമർശനം ഉയർത്തിയിരുന്നു.

content highlight- P Shanmugam is the new secretary of CPIM in Tamil Nadu, the first Dalit leader to hold the post

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us