ലക്നൗ: 19-കാരിയെ ബലാത്സംഗം ചെയ്തെന്ന പരാതി നൽകാൻ സ്റ്റേഷനിലെത്തിയ കുടുംബത്തോട് പ്രതിയെ വിവാഹം ചെയ്യാൻ പൊലീസ് നിർബന്ധിച്ചതായി ആരോപണം. പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സാജിദ് അലി (35) ഇന്നലെ അറസ്റ്റിലായി. ഉത്തർപ്രദേശിലാണ് കേസിനാസ്പദമായ സംഭവം.
പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയ കുടുംബത്തോട് പെൺകുട്ടിയെ പ്രതിയ്ക്ക് വിവാഹം ചെയ്ത് നൽകാൻ പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായാണ് ആരോപണം. പ്രതി യുവതിയെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്തതായി പരാതിയിൽ പറയുന്നു. യുവതി ഗർഭിണിയാണെന്ന് പറഞ്ഞാണ് പൊലീസ് ഇത്തരത്തിലൊരു ആവശ്യം ഉന്നയിച്ചതെന്ന് പെൺകുട്ടിയുടെ കുടുംബം പറഞ്ഞു. 2024 മാർച്ച് പത്തിന് ബലാത്സംഗം ചെയ്തെന്ന് പരാതിയിൽ പറയുന്നു. കൃത്യം നടക്കുന്ന സമയത്ത് പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. ആക്രമണം ഫോണിൽ ചിത്രീകരിച്ചിരുന്നതായും പരാതിയിൽ പറയുന്നു.
ചിത്രീകരിച്ച വീഡിയോ ഉപയോഗിച്ച് പ്രതി പെൺകുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്തിരുന്നു. അത് ഓൺലൈനിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ബലാത്സംഗം നടന്ന കാര്യം പെൺകുട്ടി ആരെയും അറിയിച്ചിരുന്നില്ല. വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുന്നത് പ്രതി തുടരുകയായിരുന്നു. പെൺകുട്ടി ഗർഭിണിയാണെന്നും പൊലീസ് പറഞ്ഞു. ശാരീരിക മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതെന്ന് മാതാപിതാക്കൾ അറിഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി.
2024 സെപ്റ്റംബർ 20 നാണ് പെൺകുട്ടിയും മാതാപിതാക്കളും പ്രതിക്കെതിരെ പരാതി നൽകാൻ പോയത്. സ്റ്റേഷനിലെത്തിയ കുടുംബത്തെ പെൺകുട്ടിയും അലിയും തമ്മിലുള്ള വിവാഹത്തിന് സമ്മതിക്കാൻ പൊലീസ് പ്രേരിപ്പിക്കുകയായിരുന്നു. ശരിയായ അന്വേഷണം നടത്താതെയാണ് പൊലീസ് ഇത്തരത്തിലൊരു തീരുമാനം പറഞ്ഞതെന്നാണ് പെൺകുട്ടി ആരോപിക്കുന്നത്. പരാതി നൽകി ഒരു മാസത്തിന് ശേഷം പ്രതി നേരത്തെ വിവാഹിതനായിരുന്നു എന്ന വിവരം പെൺകുട്ടിയുടെ കുടുംബം അറിയുന്നത്.
നവംബർ 26ന് പെൺകുട്ടി പ്രസവിക്കുകയും തുടർന്ന് നവജാത ശിശു മരിച്ചതായുമാണ് പൊലീസ് പറയുന്നത്. സംഭവത്തെ തുടർന്ന് മാനസികവും ശാരീരികവുമായ തളർന്ന പെൺകുട്ടി ജനുവരി മൂന്നിന് അലിക്കെതിരെ നടപടി ആവശ്യപ്പെട്ട് രേഖാമൂലം പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (ബലാത്സംഗം) വകുപ്പ് പ്രകാരം കേസെടുത്തു. യുവതിയുടെ മൊഴി രേഖപ്പെടുത്തി വൈദ്യപരിശോധന നടത്തിയതായി പൊലീസ് അറിയിച്ചു.
Content Highlights: UP man rapes 19-year-old girl, family claims cops pressured her to marry accused