ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ്. ആകെയുള്ള എഴുപത് സീറ്റുകളിലേയ്ക്ക് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഡൽഹിയിൽ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നു. ജനുവരി 10ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 17 ആണ്. പത്രികകളുടെ സൂക്ഷപരിശോധന ജനുവരി 18ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജനുവരി 20 ആണ്. ഉത്തർപ്രദേശിലെ മിൽക്കിപ്പൂർ, തമിഴ്നാട്ടിലെ ഈറോഡ് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഫെബ്രുവരി 5ന് നടക്കും.
വോട്ടിംഗ് യന്ത്രത്തെ കുറിച്ച് പരാതികൾ ഉയരുകയാണെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കൊണ്ടുള്ള വാർത്താ സമ്മേളനത്തിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. എന്തുകൊണ്ടാണ് 5 മണിക്ക് ശേഷം വോട്ടീംഗ് ശതമാനം ഉയരുന്നത് എന്നൊക്കെയാണ് ചോദ്യങ്ങൾ. എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകും. എല്ലാ തിരഞ്ഞെടുപ്പിന് ശേഷവും ഇതുപോലെ ചോദ്യങ്ങൾ ആവർത്തിക്കുകയാണ്. ചോദ്യം ചോദിക്കാനുള്ള അവകാശം ജനാധിപത്യത്തിൽ ഉണ്ട്. ആരോപണങ്ങൾ കമ്മീഷനെ വേദനിപ്പിച്ചുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. വോട്ടെടുപ്പിന്റെ 8-9 ദിവസം മുമ്പ് വോട്ടിംഗ് യന്ത്രം പരിശോധിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. പ്രവർത്തന സജ്ജമാക്കിയ ശേഷം ഇവ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റും. പിന്നീട് വോട്ടിംഗിനായി മാത്രമെ പുറത്തെടുക്കൂ. വോട്ടിംഗ് യന്ത്രത്തിൽ ഒരു വൈറസും ബൈധിക്കില്ലെന്നും ഇ വി എം സുരക്ഷിതമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
ഒരു അട്ടിമറിയും നടക്കില്ലെന്നും ഇവിഎം സുതാര്യമെന്നും വ്യക്തമാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷണർ പേപ്പർ ബാലറ്റ് പ്രായോഗികമല്ലെന്നും വ്യക്തമാക്കി. അഞ്ച് മണിക്ക് ശേഷം വോട്ടിംഗ് ശതമാനം ഉയരുന്നതിലും തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നടപടിക്രമങ്ങളിലെ കാലതാമസം മാത്രമാണത്. 17 സി ഫോറം തയ്യാറാക്കി വരുന്നതിലം കാലതാമസം ആണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു. വിവി പാറ്റിൽ 2017ന് ശേഷം ഒരു വ്യത്യാസവും ഉണ്ടായിട്ടില്ല. എല്ലാ വിവി പാറ്റുകളും എണ്ണാൻ തെരഞ്ഞെടുപ്പ് കമ്മീഷന് വിരോധമില്ല. ഏറ്റവും സുതാര്യമായ തിരഞ്ഞെടുപ്പാണ് രാജ്യത്ത് നടക്കുന്നത്. തെറ്റ് ചെയ്തെങ്കിൽ ശിക്ഷിച്ചോളൂവെന്നും എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു.
ഡൽഹി നിയമസഭയുടെ കാലാവധി ഫെബ്രുവരി 15നാണ് അവസാനിക്കുക. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ 62ലും എഎപിക്കായിരുന്നു വിജയം. ഇൻഡ്യ മുന്നണിയുടെ ഭാഗമാണെങ്കിലും ഡൽഹിയിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും വെവ്വേറെയാണ് മത്സരിക്കുന്നത്. ത്രികോണ മത്സരം നടക്കുന്ന ഡൽഹിയിൽ ബിജെപിയും കോൺഗ്രസും ആം ആദ്മിയും ആദ്യഘട്ട സ്ഥാനാർത്ഥികളെ ഇതിനകം പ്രഖ്യാപിച്ച് കഴിഞ്ഞു. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് എതിരെ ന്യൂ ദില്ലി മണ്ഡലത്തിൽ നിന്നും ബിജെപി സ്ഥാനാർത്ഥി പർവേഷ് വർമ്മയാണ്. ഡൽഹി മുഖ്യമന്ത്രി അതിഷി മർലേനയ്ക്കെതിരെ കൽക്കാജി മണ്ഡലത്തിൽ ബിജെപിയുടെ രമേശ് ബിദൂഡി മത്സരിക്കും. അഖിലേന്ത്യ മഹിളാ കോൺഗ്രസ് അധ്യക്ഷ അൽക ലാംബയെയാണ് കോൺഗ്രസ് ഇവിടെ നിന്നും മത്സരിപ്പിക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള ഏഴ് സീറ്റുകളും ബിജെപി തൂത്തുവാരിയിരുന്നു. കോൺഗ്രസും എഎപിയും സഖ്യത്തിൽ മത്സരിച്ചിട്ടും പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാൻ ഇവർക്ക് സാധിച്ചിരുന്നില്ല.
Content Highlights: Election Commission Announces Delhi Legislative Election