ന്യൂ ഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹിന്ദുത്വ രാഷ്ട്രീ നീക്കവുമായി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയിലെ പ്രമുഖ സന്യാസിമഠാധിപൻമാരെ ഉൾക്കൊള്ളിച്ച് അരവിന്ദ് കെജ്‌രിവാൾ 'സനാതൻ സേവാ സമിതി' രൂപീകരിച്ചു.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് വെറും ഒരു മാസം മാത്രം ബാക്കിനിൽക്കേയാണ് കെജ്‌രിവാളിന്റെ നീക്കം. ഡൽഹിയിലെ ആം ആദ്മി പാർട്ടി ഓഫീസിന് മുന്നിൽ ക്രമീകരിച്ച വേദിയിൽ വിവിധ ക്ഷേത്രങ്ങളിലെ പൂജാരികൾക്കും സ്വാമിമാർക്കും ഒപ്പം വേദി പങ്കിട്ടുകൊണ്ടായിരുന്നു കെജ്‌രിവാളിന്റെ പ്രഖ്യാപനം. ബിജെപിയുടെ ഹിന്ദുത്വ രാഷ്ടീയത്തിന് ബദലയാണ് ആപ്പിൻ്റെ പുതിയ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. സനാതന ധർമത്തിനായി സന്യാസിമാർ 24 മണിക്കൂറും പ്രവർത്തിക്കുന്നുവെന്നും ഇവർക്കുവേണ്ടി പ്രവർത്തിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും കെജ്‌രിവാൾ പറഞ്ഞു. ക്ഷേത്രങ്ങളിലെ പൂജാരികൾക്ക് ആം ആദ്മി മാസം 18000 രൂപ ഓണറേറിയം പ്രഖ്യാപിച്ചിട്ടുണ്ട് എന്നും തിരഞ്ഞെടുപ്പിന് ശേഷം ഈ സർക്കാർ തന്നെ പ്രഖ്യാപനം യാഥാർത്ഥ്യമാക്കുമെന്നും കെജ്‌രിവാൾ ഉറപ്പ് നൽകി.
നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിലെത്തിയാൽ വിവിധ ക്ഷേത്രങ്ങളിലെ പൂജാരികൾക്കും ഗുരുദ്വാരകളിലെ പുരോഹിതർക്കും 18000 രൂപ നൽകുമെന്ന് കെജ്‌രിവാൾ പ്രഖ്യാപിച്ചിരുന്നു. പൂജാരി ഗ്രന്ഥി സമ്മാൻ എന്ന് പേരിട്ട പദ്ധതിയുടെ രജിസ്‌ട്രേഷനും ആരംഭിച്ചിരുന്നു.
ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെയുള്ള എഴുപത് സീറ്റുകളിലേയ്ക്ക് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഡൽഹിയിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ജനുവരി 10ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 17 ആണ്. പത്രികകളുടെ സൂക്ഷപരിശോധന ജനുവരി 18ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജനുവരി 20 ആണ്. ഉത്തർപ്രദേശിലെ മിൽക്കിപ്പൂർ, തമിഴ്നാട്ടിലെ ഈറോഡ് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഫെബ്രുവരി 5ന് നടക്കും.
Content Highlights: AAP starts sanatan seva samiti