ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയില്‍ ഭിന്നത. കരാവല്‍ നഗറിലെ സീറ്റില്‍ മുന്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എയായിരുന്ന കപില്‍ മിശ്രയെ മത്സരിപ്പിക്കാനുള്ള ബിജെപി നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എ മോഹന്‍ സിങ് ബിഷ്ട്. കപില്‍ മിശ്രയെ മണ്ഡലത്തില്‍ മത്സരിപ്പിക്കാനെടുത്ത തീരുമാനത്തെ വിഡ്ഢിത്തം എന്നാണ് ബിഷ്ട് പരാമര്‍ശിച്ചത്. മണ്ഡലത്തില്‍ താന്‍ മത്സരിക്കുമെന്നും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്നും ബിഷ്ട് വ്യക്തമാക്കി.
'മണ്ഡലത്തില്‍ ആരെ മത്സരിപ്പിച്ചാലും വിജയിക്കുമെന്നാണ് ബിജെപിയുടെ വിചാരം. അത് വലിയ തെറ്റാണ്. ബുരാരിയിലും കരാവല്‍ നഗറിലും ഘോണ്ടയിലും സീലാംപൂരിലും ഗോകാല്‍പുരിയിലും നന്ദ നഗരി സീറ്റിലുമൊക്കെ ഇനിയെന്താണ് സംഭവിക്കാനിരിക്കുന്നതെന്ന് കാലം തെളിയിക്കും. കരാവല്‍ നഗര്‍ സീറ്റില്‍ നിന്നും ഞാന്‍ മത്സരിക്കും. ജനുവരി 17ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും,' ബിഷ്ട് പറഞ്ഞു. 2020ല്‍ എഎപിയുടെ ദുര്‍ഗേഷ് പഥകിനെതിരെയായിരുന്നു മോഹന്‍ സിങ് ബിഷ്ടിന്റെ വിജയം. 1998 മുതല്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ഒന്നൊഴികെ മറ്റ് തിരഞ്ഞെടുപ്പുകളില്‍ എല്ലാം ബിഷ്ട് വിജയിച്ചിരുന്നു. ഇതിനിടെയാണ് ബിഷ്ടിനെ തള്ളി ബിജെപി മണ്ഡലത്തില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
അതേസമയം മണ്ഡലത്തില്‍ ഇക്കുറി മികച്ച വിജയം നേടാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് രകപില്‍ മിശ്ര. തിരഞ്ഞെടുപ്പിന് കരാവല്‍ നഗറിലെ ജനങ്ങള്‍ ആവേശത്തിലാണ്. ഡല്‍ഹിയിലെ മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ട്. ഇക്കുറി ബിജെപി ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കുമെന്നും കപില്‍ മിശ്ര പറഞ്ഞു. 2015ല്‍ എഎപി സ്ഥാനാര്‍ത്ഥിയായി കപില്‍ മിശ്ര മണ്ഡലത്തില്‍ മോഹന്‍ സിങ് ബിഷ്ടിനെതിരെ മത്സരിച്ചിട്ടുണ്ട്. അന്ന് കപില്‍ മിശ്രയായിരുന്നു തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. മന്ത്രിസ്ഥാനത്തേക്ക് എത്തിയെങ്കിലും 2017ല്‍ എഎപി നേതാക്കള്‍ അഴിമതി നടത്തുന്നുവെന്ന ആരോപണത്തിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടു. ഇതിന് പിന്നാലെ 2019ലാണ് മിശ്ര ബിജെപിയില്‍ ചേരുന്നത്.
29 സ്ഥാനാര്‍ത്ഥികള്‍ അടങ്ങുന്ന രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയാണ് ബിജെപി കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. അഞ്ച് സ്ത്രീകളും പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. രണ്ട് ലിസ്റ്റുകളിലായി ആകെ ഏഴ് സ്ത്രീകളാണുള്ളത്. 70 അംഗ നിയമസഭയിലേക്കുള്ള 58 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ ബിജെപി ഇതുവരെ പ്രഖ്യാപിച്ചിട്ടുണ്ട്. അവസാനമായി 1998ല്‍ ഡല്‍ഹി ഭരണം പിടിക്കുകയും 2015ലെയും 2020ലെയും തെരഞ്ഞെടുപ്പില്‍ മൂന്നും എട്ടും സീറ്റുകള്‍ നേടുകയും ചെയ്ത ബിജെപി ഇക്കുറി നിയമസഭയില്‍ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. മുഴുവന്‍ സീറ്റുകളിലേക്കും എഎപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. 48 പേരുടെ പേരുകളാണ് കോണ്‍ഗ്രസ് ഇതുവരെ പ്രഖ്യാപിച്ചത്.
ഫെബ്രുവരി 5നാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ്. ഫെബ്രുവരി 8ന് വോട്ടെണ്ണും.
Content Highlight: Division in BJP; Mohan singh Bisht against Kapil Mishra's candidature in Karawal nagar seat