മുംബൈ: പട്ടം പറത്തുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. നാഗ്പൂർ സ്വദേശി സോഹേൽ ഖാൻ സലീം ഖാൻ (22) ആണ് മരിച്ചത്. സംക്രാന്തി ആഘോഷത്തോടനുബന്ധിച്ച് പട്ടം പറത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് കാൽ വഴുതി യുവാവ് താഴേക്ക് വീഴുകയായിരുന്നു. കെട്ടിടത്തിന് മുകളിൽ സുരക്ഷാ ഭിത്തി ഇല്ലായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്‌തതായി പൊലീസ് അറിയിച്ചു.
അതേസമയം മങ്കാപൂർ പാലത്തിൽ വെച്ച് പട്ടത്തിൻ്റെ ചരട് മുഖത്ത് ഉരഞ്ഞ് യുവതിക്ക് പരിക്കേറ്റു. പട്ടം പറത്താനുപയോഗിക്കുന്ന മൂർച്ചയുള്ള ചരട് മുഖത്ത് കുരുങ്ങിയാണ് പരിക്കേറ്റത്. യുവതിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മുഖത്ത് ശസ്ത്രക്രിയ നടത്തേണ്ടി വന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. വാർധ റോഡിലും പട്ടത്തിൻ്റെ ചരട് മുഖത്ത് ഉരഞ്ഞ് വനിത പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു. നരേന്ദ്ര നഗറിൽ ബൈക്കിൽ സഞ്ചരിച്ച 22കാരനും പരിക്കേറ്റിട്ടുണ്ട്.
Content Highlight : A young man died after falling from a building while flying a kite in Nagpur