മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ മകനെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. പിതാവായ വിജയ് ഗണേഷ് ഭണ്ഡാൽക്കറാണ് അറസ്റ്റിലായത്. കുട്ടി വീട്ടിലിരുന്ന് പഠിക്കാത്തതിൽ പ്രകോപിതനായ വിജയ് ഗണേഷ് മകന്റെ തല ചുമരിൽ ഇടിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുവെന്നാണ് പൊലീസ് പറയുന്നത്. മകൻ പിയൂഷ് വിജയ് ഭണ്ഡാൽക്കറാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ കുട്ടിയുടെ മുത്തശ്ശിയേയും മുത്തശ്ശനെയും അമ്മാവനെയും അറസ്റ്റ് ചെയ്തതായി പൂനെ റൂറൽ പൊലീസ് സൂപ്രണ്ട് പങ്കജ് ദേശ്മുഖ് വ്യക്തമാക്കി.
പിയൂഷ് ബോധരഹിതനായി വീണുവെന്ന് പറഞ്ഞാണ് കുടുംബം കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കുട്ടി മരിച്ചുവെന്ന് തിരിച്ചറിഞ്ഞ ഡോക്ടർമാർ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. എന്നാൽ മൃതദേഹം സർക്കാർ ആശുപത്രിയിലെത്തിക്കാതെ സംസ്കാരം നടത്താൻ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു.
കുട്ടി ബോധരഹിതനായി വീണ് മരണപ്പെട്ടുവെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു. എന്നാൽ വീട്ടുകാരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് എത്തിയപ്പോൾ കുട്ടിയുടെ മൃതദേഹം ശ്മശാനത്തിലെ ചിതയിൽ വെച്ചിരിക്കുകയായിരുന്നു. വീട്ടുകാർ എതിർത്തെങ്കിലും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിൽ കുട്ടിയുടെ കഴുത്ത് ഞെരിഞ്ഞതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു . കുറ്റം മറച്ചുവയ്ക്കാനും തെളിവു നശിപ്പിക്കാനും ശ്രമിച്ച കുറ്റത്തിനാണ് മുത്തശ്ശിയെയും മുത്തച്ഛനേയും അമ്മാവനെയും അറസ്റ്റ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.
Content Highlight : Father arrested for killing his son in Maharashtra's Baramati