മുംബൈ: മോഷ്ടാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ചത് ഓട്ടോറിക്ഷയില്‍. ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഭാര്യ കരീന, സെയ്ഫ് അലി ഖാന്റെ മുതിര്‍ന്ന മകനായ ഇബ്രാഹിം അലി ഖാനെ വിവരമറിയിക്കുകയായിരുന്നു.
സെയ്ഫ് അലി ഖാന്റെയും ആദ്യ ഭാര്യ അമൃത സിംഗിന്റെയും മകനായ ഇബ്രാഹിം പെട്ടെന്ന് തന്നെ വീട്ടിലേക്ക് എത്തി. സെയ്ഫ് അലി ഖാനെ ആശുപത്രിയിലേക്കെത്തിക്കാന്‍ ഡ്രൈവര്‍മാര്‍ ആരും ഇല്ലാതിരുന്നതിനാലാണ് ഇബ്രാഹിം ഓട്ടോ വിളിച്ചത്. സെയ്ഫ് അലി ഖാനെ ഇബ്രാഹിമും സെയ്ഫിന്റെ ജീവനക്കാരും ചേര്‍ന്ന് പുലര്‍ച്ചെ 3.30ഓടെയാണ് ലീലാവതി ആശുപത്രിയിലെത്തിച്ചത്. സെയ്ഫിനെ കൂടാതെ ഭാര്യ കരീന കപൂറും മക്കളായ തൈമൂറും ജെയും ആക്രമണം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നു.
ബാന്ദ്രയിലെ നടന്റെ വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് ലീലാവതി ആശുപത്രി. അതേസമയം നടിയും സെയ്ഫിന്റെ ഭാര്യയുമായ കരീന കപൂർ ആശുപത്രിയിൽ ഓട്ടോയ്ക്ക് സമീപം നിന്ന് വീട്ടിലെ ജീവനക്കാരുമായി സംസാരിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കരീന വന്നിറങ്ങിയ ഓട്ടോയാണ് ഇതെന്നും റിപ്പോർട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ സെയ്ഫ് അലി ഖാൻ അപകടനില തരണം ചെയ്തിട്ടുണ്ട്. അക്രമിയെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ഇയാളുടെ ഫോട്ടോ അടക്കം പുറത്തുവന്നിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമിയെ തിരിച്ചറിഞ്ഞത്. സമീപത്തെ വീടിന്റെ മതിലിലൂടെയാണ് ഇയാള്‍ സെയ്ഫിന്റെ വീട്ടിലേക്ക് കയറിയത്. ഫയര്‍ എസ്‌കേപ്പ് പടികള്‍ വഴി ഇയാള്‍ അകത്തു കയറി. മോഷണം തന്നെയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും പൊലീസ് അറിയിച്ചു.
ആറ് തവണയാണ് നടന് കുത്തേറ്റത്. സെയ്ഫിനേറ്റ കുത്തില്‍ രണ്ടെണ്ണം ആഴമേറിയതായിരുന്നു. നട്ടെല്ലിന് സമീപം കുത്തേറ്റതിനാല്‍ സെയ്ഫിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് താരം.
Content Highlights: Saif Ali Khan Son Ibrahim Took Bleeding Father in Auto Aays by Reports