മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ വീട്ടിൽ കടന്നുകയറിയ പ്രതി എത്തിയത് പണത്തിന് വേണ്ടിയെന്ന് റിപ്പോർട്ട്. പ്രതി ഒരു കോടി ആവശ്യപ്പെട്ടുവെന്ന് റിപ്പോർട്ടിൽ പറയുന്നു. നടന്റെ കുട്ടികളെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാൾ ഒരു കോടി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് തടയാൻ എത്തിയ വീട്ടുജോലിക്കാരിയെ അക്രമി പരിക്കേൽപ്പിച്ചു. പിന്നാലെ ശബ്ദം കേട്ട് ഓടിയെത്തിയ സെയ്ഫ് അലി ഖാനെ അക്രമി കുത്തി വീഴ്ത്തുകയായിരുന്നു. സെയ്ഫ് അലി ഖാന്റെ വീട്ടുജോലിക്കാരിയായ ഏലിയാമ്മ ഫിലിപ്പ് പൊലീസിനോട് ഇക്കാര്യം വ്യക്തമാക്കിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സെയ്ഫിന്റെ മകൻ ജേഹിന്റെ റൂമിൽ കയറിയ അക്രമി ഒരു കോടി ആവശ്യപ്പെടുകയായിരുന്നു. ഇല്ലെങ്കിൽ കുട്ടിയെ ആക്രമിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇത് തടയാൻ ശ്രമിച്ച ഏലിയാമ്മയുടെ കൈക്ക് കത്തികൊണ്ട് പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ശബ്ദം കേട്ട് ഓടിയെത്തിയ നടനെ ആറ് തവണ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നടന്റെ വീട്ടിലെ മറ്റൊരു ജോലിക്കാരിയായ ഗീതയ്ക്കും പരിക്കേറ്റിട്ടുണ്ട്.
അതേസമയം നടനെ കുത്തിയ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതി നടന്റെ വീട്ടിൽ കയറുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീട്ടുജോലിക്കാരിയെ കാണാനെത്തിയ ആക്രമിയാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. വീടിനുള്ളിൽ അപരിചിതനെ കണ്ട് സെയ്ഫ് അലി ഖാന്‍ ഇയാളെ ചോദ്യം ചെയ്യുകയും അത് സംഘർഷത്തിലെത്തുകയും ചെയ്തതോടെയാണ് നടന് കുത്തേറ്റതെന്നും പൊലീസ് പറഞ്ഞു.
നടൻ ആക്രമിക്കപ്പെടുന്നതിന് രണ്ട് മണിക്കൂർ മുന്നേയാണ് ആക്രമികൾ വീടിനുള്ളിൽ പ്രവേശിപ്പിച്ചത്. സമീപത്തെ വീടിന്റെ മതിലിലൂടെയാണ് ഇയാള്‍ സെയ്ഫിന്റെ വീട്ടിലേക്ക് കയറിയത്. ഫയര്‍ എസ്‌കേപ്പ് പടികള്‍ വഴി ഇയാള്‍ അകത്തു കയറി. മോഷണം തന്നെയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും പൊലീസ് അറിയിച്ചു.
ബുധനാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് സെയ്ഫിന്റെ മുംബൈയിലെ വസതിയില്‍ മോഷ്ടാക്കള്‍ എത്തിയത്. വീടിനുള്ളില്‍ അസ്വാഭാവിക ശബ്ദം കേട്ട് ജോലിക്കാരി ആദ്യം ഉണര്‍ന്നു. തൊട്ടുപിന്നാലെ സെയ്ഫ് അലി ഖാനും ഇവിടേയ്ക്ക് എത്തി. മോഷ്ടാക്കളെ പ്രതിരോധിക്കുന്നതിനിടെ സെയ്ഫിനെ മോഷ്ടാക്കളില്‍ ഒരാള്‍ കുത്തുകയായിരുന്നു.
കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ഉടന്‍ തെന്ന സെയ്ഫിനെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെയ്ഫിനേറ്റ കുത്തില്‍ രണ്ടെണ്ണം ആഴമേറിയതായിരുന്നു. നട്ടെല്ലിന് സമീപം കുത്തേറ്റതിനാല്‍ സെയ്ഫിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. സെയ്ഫ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് താരം. പത്ത് സംഘങ്ങളായി തിരിഞ്ഞാണ് ബാന്ദ്ര പൊലീസ് കേസ് അന്വേഷിക്കുന്നത്.
Content Highlights: The Suspect Wants One Crore Before Stabbing Saif Ali Khan