ന്യൂഡൽഹി: ഇന്ത്യയുടെ സ്വപ്ന ദൗത്യമായ സ്പാഡെക്സിൻ്റെ വിജയത്തിന് പിന്നാലെ ഡോക്കിങ് ദൃശ്യങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ. 2025 ജനുവരി 16 ന് പുലർച്ചെ രണ്ട് സ്പാഡെക്സ് ഉപഗ്രഹങ്ങളുടെ (SDX-01 & SDX-02) ഡോക്കിംഗാണ് ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയത്.
ഇതോടെ ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ഇതിന് മുൻപ് ഡോക്കിംഗ് സാങ്കേതിക വിദ്യ വിജയിച്ച മറ്റു മൂന്ന് രാജ്യങ്ങൾ. സ്‌പാഡെക്‌സ് ദൗത്യത്തിൻ്റെ ഭാഗമായി ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങൾ ഡോക്ക് ചെയ്യാനുള്ള ഐഎസ്ആർഒയുടെ നാലാമത്തെ ശ്രമമാണ് വിജയിച്ചത്.
ISRO successfully completed docking of two SPADEX satellites (SDX-01 & SDX-02) in the early hours of 16 January, 2025.#SPADEX #ISRO pic.twitter.com/UJrWpMLxmh
— ISRO (@isro) January 17, 2025
ജനുവരി 12ന് സ്പാഡെക്സ് ദൗത്യത്തിൻ്റെ ട്രയൽ പരീക്ഷണത്തിൻ്റെ ഭാഗമായി ചേസർ, ടാർഗെറ്റ് ഉപഗ്രഹങ്ങൾ പരസ്പരം മൂന്ന് മീറ്ററിനുള്ളിൽ എത്തിയിരുന്നു. ഇതിന് പിന്നാലെ ഉപഗ്രഹങ്ങളെ വേർപെടുത്തി സുരക്ഷിതമായ അകലങ്ങളിലേക്ക് മാറ്റി. ട്രയലിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്യുകയാണെന്ന് ഐഎസ്ആർഒ നേരത്തെ വ്യക്തമാക്കിയിരുന്നു.
220 കിലോ വീതം ഭാരമുള്ള രണ്ട് ഉപഗ്രഹങ്ങളും ഡിസംബർ 30ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപിച്ചത്. ആദ്യം ജനുവരി 7 നും പിന്നീട് ജനുവരി 9 നും ഷെഡ്യൂൾ ചെയ്തിരുന്ന ഡോക്കിംഗ് പിന്നീട് മാറ്റി വെയ്ക്കുകയായിരുന്നു.
ചന്ദ്രയാൻ ഉൾപ്പടെയുള്ള ഗ്രഹാന്തര ദൗത്യങ്ങൾക്കും ഇന്ത്യയുടെ ബഹിരാകാശ നിലയം രൂപകൽപന ചെയ്യുന്നതിലും നിർണായകമാണ് ഡോക്കിങ് സാങ്കേതിക വിദ്യ. കഴിഞ്ഞ ഡിസംബർ 30 ന് ആയിരുന്നു സ്പാഡെക്സ് പേടകങ്ങൾ ഐഎസ്ആർഒ വിക്ഷേപിച്ചത്. രണ്ട് വ്യത്യസ്ത ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍ വെച്ച് കൂട്ടിയോജിപ്പിക്കുന്ന ഐഎസ്ആർഒയുടെ നിര്‍ണായക ദൗത്യമായിരുന്നു സ്പാഡെക്സ്.
content highlight- ISRO releases footage of Spadex docking