ഗോവ: വിദേശികളെ കണ്ടാലുള്ള ചില ഇന്ത്യക്കാരുടെ സെൽഫി ഭ്രമത്തിന് ഒരു മുട്ടൻ മറുപടി നൽകിയിരിക്കുകയാണ് ഒരു റഷ്യൻ യുവതി. ഒരു സെൽഫിക്ക് 100 രൂപ എന്നെഴുതി റഷ്യൻ സ്വദേശിനിയായ ആഞ്ജലീന സെൽഫിയ്ക്ക് പോസ് ചെയ്യുന്ന വീഡിയോ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലാണ്.
ബീച്ചുകളിലും മറ്റും പോകുമ്പോൾ ചില ഇന്ത്യക്കാർ സെൽഫി ചോദിച്ച ശല്യം ചെയ്യുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ആഞ്ജലീനയുടെ വീഡിയോ തുടങ്ങുന്നത്. തുടർന്ന് താൻ ഇതിനൊരു പരിഹാരം കണ്ടുവെന്ന് പറഞ്ഞ് ഒരു സെൽഫിക്ക് 100 രൂപ എന്നെഴുതിയ ബാനർ ആഞ്ജലീന ഉയർത്തിക്കാട്ടുകയാണ്. ആഞ്ജലീന ഇത്തരത്തിൽ ബാനർ ഉയർത്തിക്കാണിച്ച ശേഷവും അവിടെയുള്ള ചിലർ ഫോട്ടോ എടുക്കുന്നത് നിർത്തുന്നില്ല എന്നതാണ് രസം. നിരവധി പുരുഷന്മാരും മറ്റും തുടർന്നും അഞ്ജലീനയ്‌ക്കൊപ്പം ഫോട്ടോ എടുക്കുന്നുണ്ട്. ഇത്തരത്തിൽ തനിക്ക് ലഭിച്ച പണം ആഞ്ജലീന ഉയർത്തിക്കാണിക്കുന്നുമുണ്ട്.
നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ വന്നിട്ടുള്ളത്. പല ഇന്ത്യക്കാരും വിദേശികളെ കണ്ടാൽ, ആദ്യമായി കാണുന്നവരെപ്പോലെ അടുത്തുചെന്ന് സെൽഫി എടുക്കുന്നുവെന്നും ഇത് നാണക്കേടാണെന്നും ചിലർ പറയുന്നുണ്ട്. ചിലരാകട്ടെ, ഇത്തരത്തിൽ രാജ്യത്തേക്ക് വരുന്ന വിദേശികളെ തുറിച്ചുനോക്കുന്ന ചില ഇന്ത്യക്കാരുടെ പ്രവണതയെ വിമർശിക്കുന്നുണ്ട്. വീഡിയോയ്ക്ക് താഴെ അഞ്ജലീനയ്‌ക്കെചിരെ വലിയ രീതിയിലുള്ള വിമർശനം ഉന്നയിച്ചുള്ള കമൻ്റുകൾ ഇല്ലായെന്നതും ശ്രദ്ധേയമാണ്.
Content Highlights: Foreign women on indians selfie madness