'കേസ് ഞങ്ങളിലായിരുന്നെങ്കിൽ വളരെ മുമ്പ് തന്നെ വധശിക്ഷ ഉറപ്പാക്കുമായിരുന്നു'; ആർ ജി കർ വിധിയിൽ മമത

കൊല്‍ക്കത്ത പൊലീസ് പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമായിരുന്നുവെന്നും എന്നാല്‍ കേസ് സിബിഐക്ക് കൈമാറുകയായിരുന്നുവെന്നും മമത

dot image

കൊല്‍ക്കത്ത: ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ കോടതി വിധിയില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്ത പൊലീസ് പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമായിരുന്നുവെന്നും എന്നാല്‍ കേസ് സിബിഐക്ക് കൈമാറുകയായിരുന്നുവെന്നും മമത പറഞ്ഞു.

'ഒന്നാം ദിവസം മുതല്‍ ഞങ്ങള്‍ ആവശ്യപ്പെട്ടത് വധശിക്ഷയാണ്. ഇപ്പോഴും ഞങ്ങള്‍ ഇത് തന്നെ ആവശ്യപ്പെടുന്നു. എന്നാല്‍ ഇത് കോടതി വിധിയാണ്. ഞാനെന്റെ പാര്‍ട്ടിയുടെ അഭിപ്രായമാണ് പറയുന്നത്. 60 ദിവസത്തിനുള്ളില്‍ മൂന്ന് കേസുകളില്‍ ഞങ്ങള്‍ വധശിക്ഷ ഉറപ്പാക്കിയിരുന്നു. കേസ് ഞങ്ങളില്‍ തന്നെയായിരുന്നുവെങ്കില്‍ ഞങ്ങള്‍ വളരെ മുമ്പ് തന്നെ വധശിക്ഷ ഉറപ്പാക്കുമായിരുന്നു. എനിക്ക് കൂടുതല്‍ വിശദാംശങ്ങള്‍ അറിയില്ല', എന്നായിരുന്നു വിധിക്ക് തൊട്ടുപിന്നാലെ മമത പ്രതികരിച്ചത്.

യുവ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതിന് പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം വിധിച്ചു കൊണ്ടാണ് ഇന്ന് കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതി വിധി പുറപ്പെടുവിച്ചത്. സര്‍ക്കാരിനെ വിമര്‍ശിച്ച് കൊണ്ടുള്ള പരാമര്‍ശവും കോടതി വിധിയിലുണ്ട്. പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. സ്ത്രീസുരക്ഷയില്‍ സര്‍ക്കാര്‍ പരാജയമെന്നും ശിക്ഷാവിധിയില്‍ കോടതി പറഞ്ഞിരുന്നു.

Sanjay Roy
സഞ്ജയ് റോയ്

ആര്‍ ജി കര്‍ ആശുപത്രിയിലെ സംഭവത്തോടെ രാജ്യമാകെ ഡോക്ടര്‍മാര്‍ വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. കേസിന്റെ പ്രാരംഭ അന്വേഷണത്തില്‍ പശ്ചിമ ബംഗാള്‍ പൊലീസ് പരാജയപ്പെട്ടെന്നുള്ള ഗുരുതര ആക്ഷേപവും ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് കൊല്‍ക്കത്ത ഹൈക്കോടതി കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചത്. കുറ്റകൃത്യം സംഭവിച്ച് അഞ്ചര മാസം പൂര്‍ത്തിയാകുമ്പോഴാണ് കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി. കൊലപാതകം, ബലാത്സംഗം, മരണകാരണമായ ആക്രമണം തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രതി ജീവിതകാലം മുഴുവനും ജയിലില്‍ തുടരണം. പ്രതി 50000 രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു.

അതേസമയം കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന സിബിഐ വാദം കോടതി നിരാകരിച്ചു. പ്രതിക്ക് മാനസാന്തരത്തിനുള്ള അവസരം നിഷേധിക്കരുതെന്നും കോടതി ശിക്ഷാ വിധിയില്‍ ചൂണ്ടിക്കാണിച്ചു. 17 ലക്ഷം രൂപ കൊല്ലപ്പെട്ട യുവ ഡോക്ടറുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതേസമയം നഷ്ടപരിഹാരമായി വിധിച്ച 17 ലക്ഷം രൂപ വേണ്ടെന്ന് കുടുംബം പറഞ്ഞു. കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും കുടുംബം വ്യക്തമാക്കി.

2024 ആഗസ്റ്റ് ഒന്‍പതാം തീയതിയാണ് ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ട്രെയിനി ഡോക്ടറെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പ്രതിയായ സഞ്ജയ് റോയ് ആ ദിവസം രാത്രി 11മണിക്ക് ആശുപത്രി പരിസരത്തുണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാള്‍ നാലുമണിയോടെ ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചു. നാല്‍പത് മിനിറ്റിന് ശേഷം അത്യാഹിതവിഭാഗത്തിലെ വഴിയിലൂടെ ഇയാള്‍ പുറത്തുപോകുന്നത് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. സെമിനാര്‍ ഹാളില്‍ ഉറങ്ങുകയായിരുന്ന വനിതാ ഡോക്ടറെ ലൈംഗികമായി ഉപദ്രവിച്ച ഇയാള്‍ പിന്നീട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

Content Highlights: Mamata Banerjee responds in R G Kar medical college verdict

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us