സെയ്ഫ് അലി ഖാനെ കുത്തിയ പ്രതി ഗുസ്തി ചാമ്പ്യൻ ?, ലക്ഷ്യമിട്ടത് ഇളയമകനെ തട്ടിക്കൊണ്ടു പോകാനോ ?

സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി ലക്ഷ്യമിട്ടത് ഇളയമകനെ തട്ടിക്കൊണ്ടു പോകാനോ?

dot image

വീട്ടിൽ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതി മുഹമ്മദ് ഷെരിഫുൾ ഇസ്ലാം പദ്ധതിയിട്ടത് താരത്തിന്റെ ഇളയമകനെ തട്ടിക്കൊണ്ടുപോകാനായിരുന്നോ എന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മകനെ ബന്ദിയാക്കി വൻ തുക ആവശ്യപ്പെട്ട ശേഷം ബംഗ്ലാദേശിലേക്ക് മടങ്ങാനായിരുന്നു പ്രതിയുടെ പദ്ധതിയെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രതിയായ ഷെരിഫുൾ ഇസ്ലാം ബംഗ്ലാദേശിലെ ഗുസ്തി ചാമ്പ്യനായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. ബംഗ്ലാദേശില്‍ ദേശീയതലത്തിലടക്കം പങ്കെടുത്ത ഗുസ്തിതാരമായിരുന്നു ഇയാളെന്നാണ് അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഇയാള്‍ വിജയ് ദാസ് എന്ന പേരിലാണ് കഴിഞ്ഞിരുന്നത്. ഇയാളുടെ ഗുസ്തി പശ്ചാത്തലമാണ് സെയ്ഫ് അലി ഖാന്‍ അടക്കമുള്ളവരെ ശാരീരികമായി കീഴ്‌പ്പെടുത്താന്‍ സഹായിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

സെയ്ഫ് അലി ഖാൻ താമസിക്കുന്ന 13 നില കെട്ടിടത്തിൽ 8 നില വരെ സ്റ്റെപ്പ് കയറിയ പ്രതി തുടർന്ന് 11–ാം നിലയിലേക്ക് പൈപ്പിലൂടെയാണ് നുഴഞ്ഞുകയറിയത്. പിന്നീട് ഇതുവഴി നടന്റെ വീട്ടിലെ കുളിമുറിയിലേക്കും തുടർന്നു മകന്റെ കിടപ്പുമുറിയിലേക്കും പ്രവേശിക്കുകയായിരുന്നു.‌ പ്രതിയെ കണ്ട ജോലിക്കാരി ബഹളം വച്ചതിനെ തുടർന്ന് സെയ്ഫ് അലി ഖാൻ ഇവിടേക്ക് എത്തുകയായിരുന്നു. അക്രമിയെ പ്രതിരോധിക്കാൻ ശ്രമിച്ച നടനെ കൈയ്യിലെ കത്തി ഉപയോ​ഗിച്ച് പ്രതി കുത്തുകയായിരുന്നു. പ്രതിയെ വീടിനുള്ളിലാക്കി നടൻ വാതിൽ അടച്ചെങ്കിലും കുളിമുറിയിൽ കയറി വന്നവഴി പൈപ്പിലൂടെ നുഴഞ്ഞിറങ്ങി, സ്റ്റെപ്പ് വഴി രക്ഷപ്പെടുകയായിരുന്നു. ശേഷം പ്രതി രാവിലെ ഏഴു മണിവരെ ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങി. തുടർന്ന് ട്രെയിനിൽ മധ്യ മുംബൈയിലെ വർളിയിൽ ഇറങ്ങുകയായിരുന്നു.

പ്രതിയുടെ ബാഗിൽനിന്ന് ചുറ്റിക, സ്ക്രൂ ഡ്രൈവർ, നൈലോൺ കയർ എന്നിവയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷണത്തിനാണു കെട്ടിടത്തിൽ കയറിയതെന്നും സെയ്ഫ് അലി ഖാന്റെ വീടാണെന്ന് അറിയില്ലായിരുന്നുവെന്നും പിടിയിലായ മുഹമ്മദ് ഷെരിഫുൽ ഇസ്‌ലാം മൊഴി നൽകിയെന്നാണ് റിപ്പോർട്ട്.

വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെയാണ് സെയ്ഫിന്റെ മുംബൈയിലെ വസതിയിൽ മോഷ്ടാവ് എത്തിയത്. സെയ്ഫിന്റെ മകൻ ജേഹിന്റെ റൂമിൽ കയറിയ അക്രമി ഒരു കോടി ആവശ്യപ്പെടുകയായിരുന്നു. ഇല്ലെങ്കിൽ കുട്ടിയെ ആക്രമിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം, ലീലാവതി ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ അപകട നില തരണം ചെയ്തു. 5 മണിക്കൂർ നീണ്ട അടിയന്തര ശസ്ത്രക്രിയയ്ക്ക് സെയ്ഫ് അലി ഖാനെ വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയയിൽ 3 ഇഞ്ച് നീളമുള്ള വസ്തു പുറത്തെടുത്തു. ആറ് തവണയാണ് നടന് കുത്തേറ്റത്.

Content Highlight : Wrestling champion accused of stabbing Saif Ali Khan? report

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us