രാജസ്ഥാൻ: ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ ആംബുലൻസിൻ്റെ വാതിൽ തകരാറിലായതിനെ തുടർന്ന് യുവതി മരിച്ചു. 45 കാരിയായ രാജസ്ഥാൻ ഭിൽവാരി സ്വദേശി സുലേഖയാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സുലേഖ ആത്മഹത്യക്ക് ശ്രമിച്ചത്.
ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെയാണ് ആംബുലൻസിൻ്റെ വാതിൽ തകരാറിലായത്. 15 മിനിറ്റോളം യുവതി വാഹനത്തിനുള്ളിൽ കുടുങ്ങിയെന്നും അതിനാലാണ് തക്കസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതിരുന്നതെന്നും യുവതിയുടെ കുടുംബം ആരോപിച്ചു. ആംബുലൻസിൻ്റെ ഗ്ലാസ് തകർത്ത് പുറത്തെടുത്ത് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എന്നാൽ ആംബുലൻസിൻ്റെ വാതിൽ തകരാർ ആയതുമൂലമാണ് യുവതി മരിച്ചതെന്ന ആരോപണം ആംബുലൻസ് ഓപ്പറേറ്റിംഗ് പ്രൊവൈഡറായ ഇ എം ആർ ഐ ജി എച്ച്എസ് നിഷേധിച്ചു. മരണം നേരത്തെ തന്നെ സംഭവിച്ചതായി രേഖകൾ സൂചിപ്പിക്കുന്നുണ്ടെന്ന് ഇ എം ആർ ഐ ജി എച്ച്എസ് പറഞ്ഞു.
സംഭവത്തിൽ ജില്ലാ കളക്ടർ നമിത് മേത്ത അസിസ്റ്റന്റ് കളക്ടർ അരുൺ ജെയിനിന് അന്വേഷണ ചുമതല നൽകിയിട്ടുണ്ട്. ഭിൽവാര ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ സി പി ഗോസ്വാമിയും സംഭവം അന്വേഷിക്കാൻ സമിതി രൂപീകരിച്ചിട്ടുണ്ട്. വിഷയത്തിൽ റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ഗോസ്വാമി വ്യക്തമാക്കി.
Content Highlights: The woman who tried to commit suicide died after the door of the ambulance broke down while she was being taken to the hospital. Sulekha, a 45-year-old resident of Bhilwari, Rajasthan, died.