മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ രക്ഷിച്ച ഓട്ടോ ഡ്രൈവർ ഭജൻ സിംഗ് റാണയെ നേരിൽ കണ്ട് നന്ദി അറിയിച്ച് നടൻ. ചൊവ്വാഴ്ച ആശുപത്രി വിടുംമുൻപായിരുന്നു ഇരുവരും തമ്മിൽക്കണ്ടത്. മകനെ രക്ഷിച്ചതിന് റാണയോട് സെയ്ഫ് അലി ഖാന്റെ അമ്മയും നടിയുമായ ഷർമിള ടാഗോറും നന്ദി അറിയിച്ചു.
മുംബൈ ലീലാവതി ആശുപത്രിയിൽവെച്ചാണ് സെയ്ഫ് അലി ഖാനും ഭജൻ സിംഗ് റാണയും കണ്ടത്. ഇരുവരുടെയും കൂടിക്കാഴ്ച അഞ്ചുമിനിറ്റോളം നീണ്ടു. റാണയെ കണ്ട ഉടനെ അദ്ദേഹത്തെ കെട്ടിപിടിച്ചു കൊണ്ട് സെയ്ഫ് അദ്ദേഹത്തിന്റെ നല്ല മനസിന് നന്ദി പറഞ്ഞു. ശേഷം ഇരുവരും ചേർന്ന് ചിത്രവുമെടുത്തു.
"തിരക്കിട്ട് പോകുമ്പോഴായിരുന്നു ഗേറ്റിനടുത്തുവെച്ച് ഒരു വിളികേട്ടത്. ഒരു സ്ത്രീ സഹായത്തിനായി കരഞ്ഞുവിളിക്കുകയായിരുന്നു. ഓട്ടോയിൽ കയറിയത് സെയ്ഫ് അലി ഖാനാണെന്ന് ആദ്യം മനസിലായിരുന്നില്ല. പരിക്കേറ്റ നിലയിലായിരുന്ന അദ്ദേഹം തനിയെ നടന്നുവന്നാണ് ഓട്ടോയിൽ കയറിയത്. ഒരു കുട്ടിയും മറ്റൊരാളും ഒപ്പമുണ്ടായിരുന്നു. ആശുപത്രിയിലെത്താൻ എത്ര സമയമെടുക്കുമെന്നാണ് അദ്ദേഹം ആദ്യം ചോദിച്ചത്. പത്ത് മിനിറ്റ് കൊണ്ട് ആശുപത്രിയിലെത്തി. സെയ്ഫിന്റെ പുറത്തുനിന്നും കഴുത്തിൽനിന്നും ചോര വരുന്നുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചതിന് പൈസപോലും വാങ്ങിയില്ല ഞാൻ. ഒരാളെ സമയത്ത് സഹായിക്കാൻ സാധിച്ചല്ലോ എന്നാണ് കരുതിയത്."- എന്ന് റാണ നേരത്തെ പറഞ്ഞിരുന്നു.
സെയ്ഫ് അലി ഖാന്റെ കുടുംബാംഗങ്ങൾ തന്നോട് സ്നേഹ പൂർവം പെരുമാറിയെന്നും കുറെ സമ്മാനങ്ങൾ നൽകി എന്നും റാണ മാധ്യമങ്ങളോട് പറഞ്ഞു. സംഭവ ദിവസം തന്റെ ഓട്ടോയിൽ കയറിയപ്പോൾ തന്റെ മുതുകിൽ ഒരു മുറിവുണ്ട് പതിയെ ആശുപത്രിയിലേക്ക് പോകണം എന്നാണ് സെയ്ഫ് ആവശ്യപ്പെട്ടത്. ആശുപത്രിയിൽ ഇറങ്ങുമ്പോഴാണ് സെയ്ഫ് ആണെന്ന് മനസിലായതെന്നും റാണ പറയുന്നു. നടന്റെ ആരോഗ്യ നില മെച്ചപ്പെട്ടതിൽ സന്തോഷമുണ്ടെന്നും തന്നെ ഒരു ദിവസം വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും റാണ പറഞ്ഞു. താരത്തിനൊപ്പം എടുത്ത റാണയുടെ ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
അതെസമയം ഓട്ടോ ഡ്രൈവർ ഭജൻ സിങ് റാണയ്ക്ക് പാരിതോഷികവും പൊന്നാടയും സമ്മാനിച്ചു. 11,000 രൂപയും പൊന്നാടയുമാണ് ഓട്ടോ ഡ്രൈവർക്ക് സമ്മാനിച്ചത്. മുംബൈയിലെ സാമൂഹിക പ്രവർത്തകൻ ഫൈസാൻ അൻസാരിയാണ് പാരിതോഷികവും പൊന്നാടയും നൽകിയത്. ഭജൻ സിങ്ങിന്റെ ആത്മാർത്ഥ കണ്ടാണ് ഇങ്ങനെയൊരു പാരിതോഷികം നൽകാൻ തീരുമാനിച്ചതെന്ന് അൻസാരി പ്രതികരിച്ചു.
എന്തെങ്കിലും പ്രതിഫലം പ്രതീക്ഷിച്ചല്ല താൻ നടനെ സഹായിച്ചതെന്നും ചെയ്യുന്ന ജോലി ആത്മാർത്ഥതയോടെ ചെയ്തെന്നും ഓട്ടോ ഡ്രൈവർ പറഞ്ഞു. 'ഒന്നും പ്രതീക്ഷിച്ചിട്ടല്ല സെയ്ഫ് അലി ഖാനെ സഹായിച്ചത്. ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥത കാണിച്ചു എന്നേയുളളു. ഞാൻ നല്ലകാര്യം ചെയ്തുവെന്നാണ് എല്ലാവരും പറയുന്നത്. അതിൽ സന്തോഷമുണ്ട്. വീട്ടിൽ എല്ലാവർക്കും എന്നെ ഓർത്ത് അഭിമാനമുണ്ടെന്ന് പറയുന്നു. ഇതിൽപരം മറ്റ് എന്ത് സന്തോഷം,' ഭജൻ സിങ് റാണ പറഞ്ഞു.
Content Highlights: The actor met the auto driver Bhajan Singh Rana who saved Bollywood actor Saif Ali Khan and thanked him in person. The two met before leaving the hospital on Tuesday.