മുസാഫര്‍നഗര്‍: ബിഹാറിലെ മുസാഫര്‍നഗറില്‍ വസ്തു തര്‍ക്കത്തെ തുടര്‍ന്ന് മാനസിക വൈകല്യമുള്ള യുവാവിനെ സഹോദരനും ഭാര്യയും ജീവനോടെ കത്തിച്ചു കൊന്നു. സുധീര്‍ കുമാർ എന്ന യുവാവിനെയാണ് ജ്യേഷ്ഠനും ഭാര്യ നീതുവും ചേർന്ന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നത്. ആദ്യം ഒരു ഇലക്ട്രിക് തൂണില്‍ കെട്ടിയിട്ട് സുധീറിനെ ജ്യേഷ്ഠനും ഭാര്യയും ചേർന്ന് മർദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീകൊളുത്തി കൊന്നത്.
കഴിഞ്ഞ ദിവസം രാത്രി നീതുവും സുധീര്‍ കുമാറും തമ്മില്‍ വഴക്കിട്ടിരുന്നു. ഇതിന് ശേഷമാണ് സുധീർ കുമാറിനെ ഇരുവരും ചേർന്ന് മർദിച്ചതും തീകൊളുത്തി കൊലപ്പെടുത്തിയതും. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഒരു സെക്യൂരിറ്റി ജീവനക്കാരനാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും സുധീർ മരിച്ചിരുന്നു.
സംഭവത്തില്‍ നീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നീതു കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. എന്നാല്‍ ഭര്‍ത്താവ് നിലവില്‍ ഒളിവിലാണ്. മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്ന് സക്‌റ പൊലീസ് സ്റ്റേഷന്‍ സീനിയര്‍ സൂപ്രണ്ട് സുശില്‍ കുമാര്‍ പറഞ്ഞു.
Content Highlights: Brother and wife burned and killed Mentally illed younger brother