ചെന്നൈ: തമിഴക വെട്രി കഴകത്തേയും നടൻ വിജയിയേയും ഉന്നംവെച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. പാർട്ടി രൂപീകരിച്ച ഉടൻ തന്നെ അധികാരം പിടിക്കണമെന്നും മുഖ്യമന്ത്രിയാകണമെന്നുമാണ് ചിലരുടെ ആഗ്രഹമെന്ന് സ്റ്റാലിൻ പറഞ്ഞു. തമിഴ് സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടി പലതും ചെയ്യുന്നുവെന്ന് ചിലർ നാടകം കളിക്കുകയാണെന്നും സ്റ്റാലിൻ വിമർശിച്ചു. എൻടികെ പാർട്ടി വിട്ട് ഡിഎംകെയിൽ ചേരുന്നവർക്ക് അംഗത്വം നൽകുന്ന ചടങ്ങിൽ വിജയിയുടെ പേരെടുത്ത് പറയാതെയായിരുന്നു സ്റ്റാലിന്റെ വിമര്‍ശനം.
ഇത്തരം ഷോ നടത്തുന്നവർക്ക് മറുപടി പറഞ്ഞ് സമയം കളയുന്നില്ലെന്നും സ്റ്റാലിൻ പറഞ്ഞു. പുതിയ പാർട്ടിയുടെ ലക്ഷ്യം ജനസേവനമല്ലെന്നും അധികാരം പിടിക്കലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡിഎംകെ ഇന്നലെ മുളച്ച കൂണ്‍ അല്ല എന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
തങ്ങള്‍ ഈ പാര്‍ട്ടി രൂപീകരിച്ചത് 1949ലാണെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. 1957ലാണ് ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാൽ ചില പാര്‍ട്ടികള്‍ രൂപികരിച്ചയുടനെ തന്നെ അധികാരത്തില്‍ വരണമെന്ന ഉദ്ദേശ്യത്തിലാണ് നിലനില്‍ക്കുന്നത്. ചിലര്‍ പറയുന്നത് അധികാരത്തില്‍ വരുമെന്നും അടുത്ത മുഖ്യമന്ത്രിയാകുമെന്നുമൊക്കെയാണ്. ആ പാര്‍ട്ടിയുടെ പേരോ നേതാവിന്റെ പേരോ താൻ പറയുന്നില്ല. കാരണം തങ്ങള്‍ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. നാടകം കളിക്കുന്നവരെ പ്രശസ്തരാക്കാന്‍ താന്‍ താത്പര്യപ്പെടുന്നില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.
Content Highlight : Tamil Nadu Chief Minister MK Stalin ridiculed Tamil actress Vetri Kazhakat and actor Vijay