മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒന്നിലധികം ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം ഊർജിതപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ ബംഗ്ലാദേശി പൗരനായ ശരീഫുൾ ഇസ്‌ലാമിന്റെ റിമാൻഡ് ആവശ്യപ്പെട്ടുളള അപേക്ഷയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
ശരീഫുളിന്റെ കസ്റ്റഡി കാലാവധി ജനുവരി 29 വരെ നീട്ടി. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് നേരത്തെ പൊലീസ് അറിയിച്ചിരുന്നു. നടനെ കുത്താൻ ഉപയോഗിച്ച കത്തി എവിടെ നിന്നാണ് വാങ്ങിയതെന്ന് പ്രതി വ്യക്തമാക്കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സെയ്ഫ് അലി ഖാന്റെ വീട്ടിൽ നിന്ന് ലഭിച്ച വിരലടയാളങ്ങൾ ശരീഫുളിന്റേത് തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട്.
മുംബൈ പൊലീസ് അറസ്റ്റ് ചെയ്തയാള്‍ തന്റെ മകനല്ലെന്ന് വ്യക്തമാക്കി ശരീഫുള്‍ ഇസ്‌ലാമിന്റെ പിതാവ് മുഹമ്മദ് റുഹുള്‍ അമിന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പൊലീസ് പുറത്തുവിട്ട പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ തന്റെ മകന്റേതല്ലെന്നായിരുന്നു മുഹമ്മദ് റുഹുള്‍ അമിന്‍ പറഞ്ഞത്. ശരീഫുള്‍ ഇസ്‌ലാം ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും അന്നത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാഷ്ട്രീയ പീഡനം മൂലം മകന്‍ നാടുവിട്ടതാണെന്നും പിതാവ് ദേശീയ മാധ്യമമായ എന്‍ഡിടിവിയോട് പറഞ്ഞിരുന്നു.
ബംഗ്ലാദേശ് സ്വദേശിയായ ശരീഫുൾ ഇസ്‌ലാമാണ് സെയ്ഫ് അലി ഖാനെ ആക്രമിച്ചതെന്നായിരുന്നു മുംബൈ പൊലീസ് നേരത്തേ പറഞ്ഞത്. ഇന്ത്യയില്‍ ഇയാള്‍ ബിജോയ് ദാസ് എന്ന പേരിലാണ് ജീവിച്ചത്. ശരീഫുൾ ബംഗ്ലാദേശ് സ്വദേശിയാണെന്ന് വ്യക്തമാക്കുന്ന രേഖകൾ ലഭിച്ചതായും പൊലീസ് പറഞ്ഞിരുന്നു. പ്രതിയുടെ തിരിച്ചറിയൽ രേഖകൾ പൊലീസിന് ലഭിച്ചിരുന്നു.
2025 ജനുവരി 16നാണ് സെയ്ഫ് അലി ഖാന് മുംബൈ ബാന്ദ്രയിലെ വീട്ടില്‍ വച്ച് കുത്തേറ്റത്. പുലര്‍ച്ചെ നടന്റെ ബാന്ദ്രയിലെ വീട്ടിലെത്തിയ പ്രതി അദ്ദേഹത്തെ ആറ് തവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ നടന്റെ ഇളയ മകന്‍ ജേഹിനെ തട്ടിക്കൊണ്ടു പോകാന്‍ വന്നതാണോയെന്ന സംശയവും പൊലീസ് ഉന്നയിച്ചിരുന്നു.
Content Highlights: Saif Ali Khan Attacking Case Police Suspect More than One Person Involving this Incident