നാഡീവ്യവസ്ഥയെ ബാധിക്കുന്ന അപൂർവ രോഗം; ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തു

രോഗം ബാധിച്ചതിന് പിന്നാലെ ഇയാള്‍ക്ക് കൈകാലുകള്‍ അനക്കാന്‍ സാധിച്ചില്ല

dot image

മുംബൈ: ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) രോഗം ബാധിച്ചുള്ള ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ ചാര്‍ട്ടഡ് അക്കൗണ്ടന്റാണ് രോഗം ബാധിച്ച് മരിച്ചത്. പൂനെയിലെ ഡിഎസ്‌കെ വിശ്വ ഏരിയയില്‍ താമസിച്ചിരുന്ന ഇദ്ദേഹത്തിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഡയറിയ ബാധിക്കുകയായിരുന്നു. സ്വകാര്യ ആവശ്യത്തിന് വേണ്ടി സ്വന്തം ഗ്രാമമായ സോലാപൂര്‍ ജില്ലയിലേക്ക് പോയി തിരിച്ചുവന്നതിന് ശേഷമാണ് ഇയാള്‍ക്ക് ഡയറിയ ബാധിക്കുന്നത്.

തുടര്‍ന്ന് സോലാപൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും തുടര്‍ന്നുള്ള പരിശോധനകളില്‍ ജിബിഎസ് ആണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. തുടര്‍ ചികിത്സയ്ക്ക് വേണ്ടി ഐസിയുവില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ രോഗം ബാധിച്ചതിന് പിന്നാലെ ഇയാള്‍ക്ക് കൈകാലുകള്‍ അനക്കാന്‍ സാധിച്ചില്ല. തുടര്‍ പരിശോധനയില്‍ ഇയാള്‍ക്ക് രോഗം ഭേദമാകുന്നതായി കാണിച്ചതോടെ കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ ഇയാളെ ഐസുയിവില്‍ നിന്ന് മാറ്റി. എന്നാല്‍ പിന്നീട് ശ്വാസതടസം അനുഭവപ്പെടുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

അതേസമയം നിലവില്‍ 73 പേര്‍ക്കാണ് ഈ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 14 പേര്‍ വെന്റിലേറ്ററിലാണ്. കഴിഞ്ഞ ദിവസം മാത്രം ഒമ്പത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗില്ലന്‍ ബാരി സിന്‍ഡ്രോം ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണെന്നും ആളുകള്‍ പരിഭ്രാന്തരാകരുതെന്നും പൂനെ ന്യൂറോളജിക്കല്‍ സൊസൈറ്റി അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നാഡീവ്യവസ്ഥയെ ബാധിക്കുന്ന അപൂര്‍വമായ രോഗമാണ് ഗില്ലന്‍ ബാരി സിന്‍ഡ്രോം. രോഗപ്രതിരോധ സംവിധാനം ഞെരമ്പുകളെ ആക്രമിക്കുന്ന അവസ്ഥയാണിത്. കഴുത്ത്, മുഖം, കണ്ണുകള്‍ തുടങ്ങിയവയെ രോഗം ബാധിക്കാം.

കൈകാലുകള്‍ക്ക് ബലക്ഷയവും മരവിപ്പും പക്ഷാഘാതത്തിനും വരെ കാരണമാകാമെന്നും പഠനങ്ങള്‍ പറയുന്നു. സ്പര്‍ശനം അറിയാതെയാകുകയോ മരവിപ്പോ ഉണ്ടാകുക, നടക്കാനോ വിഴുങ്ങാനോ ശ്വസിക്കാനോ ഉള്ള ബുദ്ധിമുട്ട് ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.

അണുബാധയുണ്ടായി ആറാഴ്ചയോളം കഴിഞ്ഞാണ് ഭൂരിഭാഗം പേരിലും രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുക എന്നാണ് പഠനങ്ങള്‍ പറയുന്നത്. ശ്വാസകോശ സംബന്ധമായ രോഗമോ, ദഹനനാളത്തിലെ അണു ബാധയോ ജിബിഎസിന്റെ ലക്ഷണങ്ങളാകാം. കൈകാലുകളുടെ ബലഹീനത രോഗത്തിന്റെ പ്രധാനലക്ഷണങ്ങളിലൊന്നാണ്. ഇത് ആദ്യം പാദങ്ങള്‍ക്കാകാം അനുഭവപ്പെടുക. പിന്നീട് കൈകള്‍, മുഖം തുടങ്ങിയ ഭാഗങ്ങളിലേക്ക് വ്യാപിക്കാം. ചിലരില്‍ ആദ്യം മുഖങ്ങളിലാകാം ഈ രോഗലക്ഷണം കാണിക്കുക.

കാഴിചയിലുണ്ടാകുന്ന ബുദ്ധിമുട്ട്, ഭക്ഷണം ചവക്കാനും വിഴുങ്ങാനും സംസാരിക്കാനും ഉണ്ടാകുന്ന ബുദ്ധിമുട്ട്, കയ്യിലും കാലിലും കുത്തുന്ന പോലുള്ള വേദന, രാത്രിയില്‍ ഈ വേദന കൂടുക, അസാധാരണമായ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും, ദഹനപ്രക്രിയയിലെ പ്രശ്നങ്ങള്‍ തുടങ്ങിയവ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.

ജിബിഎസിന്റെ കൃത്യമായ കാരണങ്ങള്‍ കണ്ടെത്താനായിട്ടില്ല. ക്യാംപിലോബാക്റ്റര്‍ ജെജുനി എന്ന ബാക്ടീരിയയാണ് വില്ലനാകുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആളുകളില്‍ വയറിളക്ക രോഗത്തിന് കാരണമാകുന്ന ഒരുതരം ബാക്ടീരിയയാണ് കാംപിലോബാക്റ്റര്‍. വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആകാം രോഗം പടര്‍ന്നിരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: First death on Guillain Barre Syndrome

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us