ന്യൂഡൽഹി: ഗംഗയിൽ മുങ്ങി നിവർന്നാൽ ദാരിദ്ര്യം ഇല്ലാതാകുമോ എന്ന് കോൺഗ്രസ് അധ്യാക്ഷൻ മല്ലികാർജുൻ ഖാർഗെ. ബിജെപിയെ വിമർശിച്ചുകൊണ്ടാണ് ഖാർഗെയുടെ ചോദ്യം. ക്യാമറക്ക് മുന്നിൽ നിന്ന് ഗംഗയിൽ മുങ്ങുന്നത് ബിജെപി നേതാക്കൾ ഒരു മത്സരമാക്കി എടുത്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ആരുടേയും വിശ്വാസത്തെ ചോദ്യം ചെയ്യുന്നില്ലെന്നും അങ്ങനെയുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും ഖാർഗെ പറഞ്ഞു. മധ്യപ്രദേശിലെ മ്ഹൗയിൽ ജയ് ബാപു, ജയ് ഭീം, ജയ് സംവിധാൻ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മല്ലികാർജുൻ ഖാർഗെ.
'നരേന്ദ്ര മോദിയുടെ വ്യാജ വാഗ്ദാനങ്ങളുടെ കെണിയിൽ വീണുപോകരുത്. ഗംഗയിൽ മുങ്ങി നിവർന്നാൽ നിങ്ങളുടെ വയറ് നിറയുമോ?. ഗംഗയിൽ മുങ്ങി നിവരുന്നത് മത്സരമായാണ് കണക്കാക്കുന്നത്. ക്യാമറയിൽ പതിയുന്നത് വരെ അവർ മുങ്ങി നിവരും. അത്തരക്കാർ രാജ്യത്തിന് ഗുണം ചെയ്യില്ല. പക്ഷേ, ഒരു കുട്ടിക്ക് പഠിക്കാൻ പറ്റാത്ത അവസ്ഥ, സ്കൂളിൽ പോകാനാവാത്ത അവസ്ഥ, തൊഴിലാളികൾക്ക് കൂലി കിട്ടാത്ത അവസ്ഥ.. ഇത്തരം സമയങ്ങളിൽ ഈ ആളുകൾ ആയിരക്കണക്കിന് രൂപയാണ് ഗംഗയിൽ മുങ്ങി നിവരാൻ ചെലവിടുന്നത്. ആരുടേയും വിശ്വാസത്തെ ചോദ്യം ചെയ്യുന്നില്ല. അങ്ങനെയുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു. ', ഖാർഗെ പറഞ്ഞു.
നമ്മുടെ വിശ്വാസം ദൈവത്തിലാണ്. എല്ലാ ദിവസവും വീട്ടിൽ പൂജ ചെയ്യും. പൂജയ്ക്ക് ശേഷം സ്ത്രീകളെല്ലാം പുറത്തുപോകും അതിലൊന്നും പ്രശ്നമില്ല. പാവപ്പെട്ടവരെ മതത്തിന്റെ പേരിൽ ചൂഷണം ചെയ്യുന്നതാണ് പ്രശ്നമെന്നും ഖാർഗെ കൂട്ടിച്ചേർത്തു. മഹാകുംഭമേള നടക്കുന്നതിനാൽ ഗംഗാ സ്നാനം നടത്താന്‍ നിരവധിയാളുകളാണ് എത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കുംഭമേളയ്ക്കെത്തി ത്രിവേണിയിൽ സ്നാനം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കുംഭമേളയ്ക്ക് എത്തിയിരുന്നു.
Content Highlights: Mallikarjun Kharge Asks if Taking Dip in Ganga its End Poverty and Criticize BJP