മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ സംശയത്തിന്റെ പുറത്ത് മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ ജീവിതം ദുസ്സഹമായെന്ന പരാതിയുമായി യുവാവ്. കേസിൽപ്പെട്ടതോടെ ജോലി നഷ്ടമായെന്നും നിശ്ചയിച്ചിരുന്ന വിവാഹം മുടങ്ങിയെന്നും യുവാവ് പറഞ്ഞു. ഡ്രൈവറായ ആകാശ് കനോജിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതിയെന്ന രീതിയിൽ തന്റെ ചിത്രങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച് വന്നതോടെ കുടുംബത്തിന് വലിയ പ്രയാസം നേരിടേണ്ടി വന്നുവെന്ന് കനോജി പറഞ്ഞു. താൻ നിരപരാധിയാണെന്നറിഞ്ഞ് പൊലീസ് വെറുതെ വിട്ടെങ്കിലും ജോലിയിൽ തിരിച്ചെടുക്കാന്‍ തൊഴിലുടമ തയാറായില്ല. വിശദീകരണം കേള്‍ക്കാന്‍ പോലും വിസമ്മതിച്ചു. പ്രതിയാണെന്ന് തെറ്റിദ്ധരിച്ച് വിവാഹം കഴിക്കാനിരുന്ന പെണ്‍കുട്ടിയുടെ കുടുംബം വിവാഹത്തിൽ നിന്ന് പിന്മാറിയെന്നും യുവാവ് പറയുന്നു.
ജനുവരി 18 നാണ് രഹസ്യ വിവരത്തെത്തുടര്‍ന്ന് മുംബൈ പൊലീസ് ആകാശ് കനോജിയെ കസ്റ്റഡിയിൽ എടുത്തത്. സെയ്ഫിന്റെ വീടിന് സമീപത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ ആളുമായി സാമ്യയമുണ്ടെന്ന് ആരോപിച്ചായിരുന്നു കനോജിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തൊട്ടടുത്ത ദിവസം ബംഗ്ലാദേശ് പൗരനായ ശരീഫുള്‍ ഇസ്‍ലാം ഷെഹ്സാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ തന്നെയാണ് പ്രതിയെന്ന് പൊലീസ് ഉറപ്പിച്ചു. ഇതിന് പിന്നാലെയാണ് കനോജിയെ പൊലീസ് വിട്ടയച്ചത്.
2025 ജനുവരി 16നാണ് സെയ്ഫ് അലി ഖാന് മുംബൈ ബാന്ദ്രയിലെ വീട്ടില്‍ വെച്ച് കുത്തേറ്റത്. പുലര്‍ച്ചെ നടന്റെ ബാന്ദ്രയിലെ വീട്ടിലെത്തിയ പ്രതി അദ്ദേഹത്തെ ആറ് തവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഉടൻ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും പിന്നീട് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തിരുന്നു.
Content Highlights: Innocent Man Wrongly Detained as Saif Ali Khan’s Attacker, Loses Job and Marriage Prospects