പാട്ന: ബിഹാറിലെ ഭഗല്‍പൂരിലെ ശ്മശാനത്തില്‍ കല്ലറകള്‍ തുറന്ന് മൃതദേഹങ്ങളില്‍ നിന്ന് തലയോട്ടികള്‍ വെട്ടിമാറ്റിയ സംഭവത്തില്‍ ചുരുളഴിഞ്ഞു. ആറ് മാസം മുന്‍പ് സംസ്കാരം നടന്ന വയോധികയുടെ മൃതദേഹത്തില്‍ നിന്ന് തലയോട്ടി കാണാതായതിന് പിന്നാലെ മകന് നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറംലോകമറിയുന്നത്.
അസാറഫ് നഗറിലെ ശ്മശാനത്തില്‍ സംസ്കരിക്കപ്പെട്ടവരുടെ മൃതശരീരത്തില്‍ നിന്നായിരുന്നു തലയോട്ടികള്‍ മോഷണം പോയത്. തൊട്ടടുത്ത പന്ത്രണ്ടോളം ഗ്രാമങ്ങളില്‍ നിന്നുള്ളവരെയാണ് അസാറഫ് നഗറിലെ ശ്മശനാത്തില്‍ സംസ്കരിച്ചിരുന്നത്. അമ്മ ബീവി നൂര്ജാവി ഖാത്തൂവിന്റെ മൃതദേഹത്തില്‍ നിന്ന് തല മോഷണം പോയെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ജനുവരി 22 നായിരുന്നു മകന് ബദിരു സമാന് പൊലീസില്‍ പരാതി നല്‍കിയത്. ആറ് മാസം മുന്‍പാണ് അമ്മയെ സംസ്കരിച്ചതെന്നും ബദിരു സമാന് പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പൊലീസിന്റെ തുടരന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നതായിരുന്നു. അസാറഫ് നഗറിലെ ശ്മശാനത്തില്‍ നിന്ന് മോഷണം പോയത് ഒരു തലയോട്ടി മാത്രമല്ലെന്ന് പൊലീസ് കണ്ടെത്തി. അഞ്ച് വര്‍ഷത്തിനിടെ ഇതേ ശ്മശാനത്തില്‍ സംസ്കരിച്ച ആറോളം മൃതശരീരത്തില്‍ നിന്ന് തലയോട്ടികള്‍ മോഷണം പോയതായി പൊലീസ് കണ്ടെത്തി. അതില്‍ കുട്ടികളുടെ തലയോട്ടികളുമുണ്ടായിരുന്നു.
രഹസ്യ വിവരത്തെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സരൈയാ, ബോറാ എന്നീ ഗ്രാമങ്ങളില്‍ നിന്ന് മൊഹമ്മദ് ഇമാദാദ്, മൊഹമ്മദ് ആസാദ് എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ദുര്‍മന്ത്രവാദത്തിനായാണ് തലയോട്ടികള്‍ മോഷ്ടിച്ചതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞത്. ഇവര്‍ ദുര്‍മന്ത്രവാദം നടത്തിയ ഇടങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയില്‍ തലയോട്ടികള്‍ കണ്ടെടുത്തു. സംഭവത്തിന് പിന്നില്‍ കൂടുതല്‍ ആളുകളുണ്ടോ എന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
content highlights : Bihar police arrest two for stealing human skulls from graveyard for black magic