![search icon](https://www.reporterlive.com/assets/images/icons/search.png)
പ്രയാഗ്‌രാജ്: മഹാകുംഭമേളയിൽ തിക്കിലും തിരക്കിലുംപ്പെട്ട് 30 പേര്‍ മരിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മന്ത്രി. വലിയ പരിപാടികളില്‍ ഇത്രയും വലിയ ജനക്കൂട്ടമുണ്ടാകുമ്പോള്‍ ഇത്തരം ചെറിയ സംഭവങ്ങള്‍ നടക്കുമെന്നായിരുന്നു അപകടത്തില്‍ അപലപിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശ് ഫിഷറീസ് വകുപ്പ് മന്ത്രി സഞ്ജയ് നിഷാദിന്റെ പ്രതികരണം.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവം പരിശോധിച്ച് വരികയാണെന്നും മേളയിലെത്തിയവര്‍ സ്ഥലം കിട്ടുന്നിടത്ത് കുളിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കിംവദന്തികളില്‍ വിശ്വസിക്കരുതെന്നും സഞ്ജയ് നിഷാദ് പറഞ്ഞു. മഹാകുംഭമേളയ്ക്ക് വേണ്ടി ഒരുക്കിയ സംവിധാനങ്ങള്‍ ലോകത്ത് മറ്റെവിടെയും ഒരുക്കിയിട്ടുണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ സംഭവിക്കരുതെന്നും മന്ത്രി പറഞ്ഞു.
അതേസമയം മഹാകുംഭമേളയിലെ അപകടത്തില്‍ 60പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബാരിക്കേഡ് തകര്‍ന്നതിന് പിന്നാലെയാണ് തിക്കും തിരക്കും ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. മരിച്ചതില്‍ 25 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവരെ തിരിച്ചറിയാനുള്ള ശ്രമിത്തലാണെന്ന് ഡിഐജി വൈഭവ് കൃഷ്ണ പറഞ്ഞു.
'ഇതില്‍ ചിലര്‍ മറ്റ് സംസ്ഥാനങ്ങളിലുള്ളവരാണ്. കര്‍ണാടകയില്‍ നിന്ന് നാല് പേര്‍, അസമില്‍ നിന്നും ഗുജറാത്തില്‍ നിന്നും ഒരാള്‍ വീതവും മരിച്ചവരിലുണ്ട്. പരിക്കേറ്റവരില്‍ ചിലരെ ബന്ധുക്കള്‍ കൊണ്ടുപോയിട്ടുണ്ട്. പരിക്കേറ്റ 36 പേരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്', അദ്ദേഹം പറഞ്ഞു.
ബ്രഹ്‌മ മുഹൂര്‍ത്തത്തിന് മുന്നോടിയായി പുലര്‍ച്ചെ ഒരു മണിക്കും രണ്ട് മണിക്കുമിടയില്‍ മൗനി അമാവാസ്യ സ്നാന ചടങ്ങിന്റെ സമയത്താണ് അപകടമുണ്ടായതെന്ന് ഡിഐജി വ്യക്തമാക്കി. അഘാര റോഡില്‍ വലിയ ജനക്കൂട്ടമുണ്ടാകുകയും തുടര്‍ന്ന് ബാരിക്കേഡുകള്‍ തകരുകയുമായിരുന്നു. 'ബാരിക്കേഡുകള്‍ക്ക് അപ്പുറമുള്ള ജനക്കൂട്ടം ബ്രഹ്‌മ മുഹൂര്‍ത്തത്തിന് കാത്തിരുന്ന ഭക്തര്‍ക്ക് നേരെ ഓടിയടുക്കുകയായിരുന്നു. അപകടം സംഭവിച്ചപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ആംബുലന്‍സുകളില്‍ 90 പേരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ 30 പേര്‍ മരിച്ചു', അദ്ദേഹം പറയുന്നു.
Content Highlights: UP Ministers responds in Maha Kumbh Mela