ചെന്നൈ: പങ്കാളിയുടെ സമ്മതമില്ലാതെ മതം മാറ്റത്തിന് വിധേയമാക്കുന്നത് അക്രമവും മാനസികമായ ക്രൂരതയുമാണെന്ന് മദ്രാസ് ഹൈക്കോടതി. രണ്ട് വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവര്‍ വിവാഹം കഴിക്കുമ്പോള്‍ ഒരാളുടെ മതത്തിലേക്ക് പങ്കാളിയെ മാറ്റുന്നത് ഭരണഘടനാവിരുദ്ധമാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എന്‍ സേഷസായി, ജസ്റ്റിസ് എല്‍ വിക്ടോറിയ ഗൗരി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.
ഇത്തരത്തില്‍ മതം മാറ്റുന്നത് ഭരണഘടനയുടെ 21ാം വകുപ്പ് അനുവദിക്കുന്ന ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 25ാം വകുപ്പ് നല്കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. 'സ്നേഹത്തോടും വാത്സല്യത്തോടെയും ആരംഭിച്ച ഒരു ദാമ്പത്യം. എന്നാല്‍ സ്നേഹനിധിയായ ഭര്‍ത്താവ് ഹിന്ദു മതത്തിലുള്ള ഭാര്യയെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു. ദേവിയെന്ന പേര് സലീമയെന്നാക്കുന്നു. ജനിച്ച മുതല്‍ അവര്‍ വിശ്വസിച്ച മതത്തെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുന്നു. മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്നു. ഇത് ക്രൂരതയാണ്. നിര്‍ബന്ധിത പരിവര്‍ത്തനം അക്രമമാണ്', കോടതി പറഞ്ഞു.
സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായ ഇരുവരുടെയും വിവാഹ മോചനത്തിന് വിചാരണ കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്കിയ ഭര്‍ത്താവിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. മാനസിക-ശാരീരിക പീഡനം, ക്രൂരത എന്നിവ ആരോപിച്ച് ഭാര്യയാണ് കുടുംബ കോടതിയില്‍ വിവാഹ മോചനം ആവശ്യപ്പെട്ടത്. മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭര്‍ത്താവ് തന്നെ അവഹേളിക്കാറുണ്ടെന്നും മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയും ചെയ്തതായി ഭാര്യ പറഞ്ഞിരുന്നു.
ഭര്‍ത്താവിന്റെ അപ്പീല്‍ തള്ളിയ ഹൈക്കോടതി, മതപരിവര്‍ത്തനത്തിനും അക്രമങ്ങള്‍ക്കും തെളിവുള്ളതിന്റെ പശ്ചാത്തലത്തില്‍ വിവാഹമോചനം അനുവദിച്ച വിചാരണ കോടതി ഉത്തരവ് ശരിവെച്ചു. 'രണ്ട് പേര് പ്രണയിക്കുകയും വിവാഹബന്ധത്തിലേര്‍പ്പെടാന്‍ തീരുമാനിക്കുകയും ചെയ്യുമ്പോള്‍ അവരുടെ വിശ്വാസങ്ങളും പാരമ്പര്യങ്ങളും നിലനിര്‍ത്താനുള്ള ഇടം പരസ്പരം നല്‍കണം. പ്രണയ വിവാഹങ്ങളുടെ കേസില്‍ ഒരു സ്ത്രീ അവരുടെ പ്രിയപ്പെട്ടയാള്‍ തന്റെ സ്പേസിലേക്ക് ഇടിച്ചുകയറില്ലെന്ന് പ്രതീക്ഷിക്കും. അവളുടെ സ്വകാര്യത ഇല്ലാതാകില്ലെന്ന് പ്രതീക്ഷിക്കും. അവളുടെ വിശ്വാസം അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കും', കോടതി ചൂണ്ടിക്കാട്ടി.
Content Highlights: Madras High Court says Forcing spouse to change religion is cruelty