മുംബൈ: സന്യാസം സ്വീകരിച്ച മുൻ ബോളിവുഡ് നടി മമത കുൽക്കർണിയെ മഹാമണ്ഡലേശ്വർ പദവിയിൽ നിന്ന് നീക്കി കിന്നർ അഖാഡ. താരത്തിന്റെ സിനിമാ പശ്ചാത്തലവും വിവാദങ്ങളും ക്രിമിനൽ കേസുകളും അഖാഡയിൽ വിമർശനത്തിനിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മമതയെ സ്ഥാനത്ത് നിന്ന് നീക്കിയത്. മമതയെ അഖാഡയിൽ ചേർത്ത ആചാര്യ ലക്ഷ്മി നാരായൺ ത്രിപാഠിയേയും മഹാമണ്ഡലേശ്വർ സ്ഥാനത്ത് നിന്ന് നീക്കിയെന്ന് കിന്നർ അഖാഡ സ്ഥാപകൻ റിഷി അജയ് ദാസ് അറിയിച്ചു.
മമതയുടെ മുൻകാല ജീവിതം ചൂണ്ടിക്കാട്ടി വിമർശനവുമായി പലരും രംഗത്തെത്തിയിരുന്നു. യഥാർത്ഥ സന്യാസി ചൈതന്യമുളളവർക്ക് മാത്രമേ മഹാമണ്ഡലേശ്വർ പദവി നൽകാവൂ എന്ന് ബാഗേശ്വർ ധാമിലെ പീതാധേശ്വർ പണ്ഡിറ്റ് ധീരേന്ദ്ര ശാസ്ത്രി വിമർശിച്ചിരുന്നു. ബാഹ്യ സ്വാധീനത്തിൽ ഒരാളെ എങ്ങനെ സന്യാസിയൊ മഹാമണ്ഡലേശ്വരിയൊ ആക്കും? തനിക്ക് ഇതുവരെ മഹാമണ്ഡലേശ്വരനാകാൻ കഴിഞ്ഞിട്ടില്ലെന്നും ശാസ്ത്രി പറഞ്ഞു.
2016 ൽ താനെയിൽ നിന്ന് 2,000 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ മമത കുൽക്കർണിക്കും ഭർത്താവിനും പങ്കുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നാൽ ലഹരിമരുന്ന് കേസ് ബോംബെ ഹൈക്കോടതി കഴിഞ്ഞ ഓഗസ്റ്റിൽ റദ്ദാക്കിയിരുന്നു. മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തിയ ശേഷം കിന്നർ അഖാഡയുടെ സന്യാസദീക്ഷ സ്വീകരിക്കുകയായിരുന്നു മമത. ഇനി താൻ യാമൈ മമത നന്ദഗിരി എന്ന പേരിൽ അറിയപ്പെടുമെന്ന് മമത കുൽക്കർണി പ്രഖ്യാപിച്ചിരുന്നു.
1991 ല്‍ സിനിമയിലെത്തിയ മമത കുല്‍ക്കര്‍ണിയുടെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്ന് സല്മാന് ഖാനും ഷാരൂഖ് ഖാനും നായകൻമാരായ കരണ്‍ അര്ജുന് ആയിരുന്നു. ഇതിനൊപ്പം 90 കളിലെ നിരവധി ബോളിവുഡ് ഹിറ്റ് സിനിമകളിലെ നായികയായി തിളങ്ങിയിട്ടുണ്ട് മമത. അതിനൊപ്പം ബാസി, വക്ത് ഹമാരാ ഹെ, ക്രാന്തിവീർ, ആന്ദോളൻ, സബ്സെ ബഡാ കിലാഡി തുടങ്ങിയ ഹിറ്റ് സിനിമകളിലും മമത കുൽക്കർണി തിളങ്ങിയിരുന്നു. 1999 ല്‍ കുഞ്ചാക്കോ ബോബന് നായകനായ 'ചന്ദാമാമ' എന്ന ചിത്രത്തിലൂടെ മലയാളത്തിലും അവർ മുഖം കാണിച്ചിരുന്നു.
Content Highlights: Former Actress Mamta Kulkarni Expelled from Kinnar Akhada