ആം ആദ്മിക്ക് തിരിച്ചടി; പാർട്ടി വിട്ട എട്ട് എംഎൽഎമാർ ബിജെപിയിൽ

'ഫെബ്രുവരി അഞ്ചിലെ തിരഞ്ഞെടുപ്പിന് ശേഷം ഡൽഹി സ്വതന്ത്രമാവുമെന്ന് പ്രതീക്ഷിക്കുന്നു'

dot image

ന്യൂഡൽഹി: ആം ആദ്മിയിൽ നിന്ന് രാജിവെച്ച എട്ട് സിറ്റിംഗ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ഡൽഹി തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എംഎൽഎമാരുടെ ഈ നീക്കം എഎപിക്ക് കടുത്ത ആഘാതമാണ് നൽകിയിരിക്കുന്നത്. പാലം മണ്ഡലത്തിൽ നിന്നുളള വന്ദന ​ഗൗർ, ത്രിലോക്പുരി എംഎൽഎയായ രോഹിത് മെഹറൗലിയ, മദിപുർ എംഎൽഎ ​ഗിരീഷ് സോണി, മദൻ ലാൽ ( കസ്തൂർബ ന​ഗർ), രാജേഷ് റിഷി (ഉത്തം ന​ഗർ), ബി എസ് ജൂൻ, നരേഷ് യാദവ്, പവൻ ശർമ്മ എന്നിവരാണ് ബിജെപിയിൽ ചേർന്നത്.

ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ബൈജയന്ത് പാണ്ഡ, ബിജെപി ഡൽഹി പ്രസിഡന്റ് വിരേന്ദ്ര സച്ച്‌ദേവ എന്നിവരുടെ നേതൃത്വത്തിലാണ് എംഎൽഎമാർ ബിജെപി അം​ഗത്വം സ്വീകരിച്ചത്. ഇതൊരു ചരിത്ര നിമിഷമാണെന്ന് ബൈജയന്ത് പാണ്ഡ പറഞ്ഞു. ഫെബ്രുവരി അഞ്ചിലെ തിരഞ്ഞെടുപ്പിന് ശേഷം ഡൽഹി സ്വതന്ത്രമാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പാണ്ഡ കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകിയില്ലെന്ന് പറഞ്ഞായിരുന്നു എം എൽ എമാരുടെ രാജി. മെഹ്റൗൾ മണ്ഡലത്തിലെ എംഎൽഎ ആയിരുന്ന നരേഷ് യാദവിനെ സ്ഥാനാർത്ഥിപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. എഎപി 'സത്യസന്ധമായ രാഷ്ട്രീയം' ഉപേക്ഷിച്ചുവെന്ന് നരേഷ് യാദവ് എംഎൽഎ രാജിക്കത്തില്‍ പറഞ്ഞു. അഴിമതി കുറയ്ക്കുമെന്ന പ്രതിജ്ഞ പാലിക്കുന്നതിനുപകരം പാര്‍ട്ടി അഴിമതിയുടെ ചതുപ്പുനിലത്തില്‍ കുടുങ്ങിയിരിക്കുകയാണെന്നും രാജിക്കത്തിൽ ആരോപണമുണ്ട്.

മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ജയിലിലായ ഡല്‍ഹി മദ്യനയ കേസ് ഉള്‍പ്പെടെ രാജിക്കത്തില്‍ നരേഷ് യാദവ് പരാമര്‍ശിക്കുന്നുണ്ട്. ഡിസംബറില്‍ ഖുറാന്‍ അവഹേളനക്കേസില്‍ നരേഷ് യാദവിനെ പഞ്ചാബ് കോടതി രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. നരേഷ് യാദവിന് പകരം മഹേന്ദര്‍ ചൗധരിയാണ് അദ്ദേഹത്തിന്റെ മണ്ഡലമായ മെഹ്റൗളിൽ സ്ഥാനാര്‍ത്ഥി.

Content Highlights: After Quiting AAP Eight MLA's Join BJP

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us