ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കെജ്‌രിവാള്‍ സ്വെറ്റർ ധരിച്ച് വാഗ്നറിലെത്തി നേരെ 'ആഢംബര' വസതിയായ ഷീഷ്മഹലിലേക്ക് പോയി എന്ന് രാഹുൽ വിമർശിച്ചു. ഡൽഹിയിലെ കുടിവെളളവും യമുനയും ക്ലീനാക്കുമെന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചപ്പോൾ അദ്ദേഹം വാഗ്ദാനം നൽകിയിരുന്നു. എന്നാൽ അദ്ദേഹം വാക്ക് പാലിച്ചില്ലെന്നും രാഹുൽ പറഞ്ഞു. ഡൽഹി ഹൗസി ഖാസിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
'അഞ്ച് വർഷത്തിനുളളിൽ യമുന ക്ലീനാക്കുമെന്നും അതിൽ മുങ്ങി കുളിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു. എന്നാൽ യമുന ഇപ്പോഴും വൃത്തിഹീനമായി കിടക്കുന്നു. യമുനയിലെ വെളളം കുടിക്കാൻ ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെടുന്നു. അതിന് ശേഷം ഞങ്ങൾ നിങ്ങളെ ആശുപത്രിയിൽ വന്ന് കണ്ടോളാം', യമുനയിലെ മലിന ജലം നിറച്ച വാട്ടർ ബോട്ടിൽ ഉയർത്തിക്കൊണ്ട് രാഹുൽ ഗാന്ധി സംസാരിച്ചു.
ടീം കെജ്‌രിവാളിൽ ഒമ്പത് പേരുണ്ട്, എന്നാൽ ദളിത്, മുസ്ലിം വിഭാഗങ്ങളിൽ നിന്ന് ഒരൊറ്റ അംഗം പോലും ഇല്ല. എവിടെയെങ്കിലും കലാപം ഉണ്ടാകുമ്പോൾ അവർ അപ്രത്യക്ഷമാകും. ഡൽഹി കലാപത്തിന് ശേഷം അവിടെ എത്തിയത് താനാണെന്നും രാഹുൽ ഗാന്ധി എം പി പറഞ്ഞു.
അതേസമയം, ഒരു മാസത്തോളം നീണ്ടുനിന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഇന്ന് ആണ് കലാശക്കൊട്ട്. ഫെബ്രുവരി അഞ്ചിനാണ് 70 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ്. എട്ടിനാണ് വോട്ടെണ്ണൽ. വാശിയേറിയ പ്രചാരണമാണ് രാജ്യതലസ്ഥാനത്ത് നടന്നത്. ആം ആദ്മി പാർട്ടിയും കോൺഗ്രസും ബിജെപിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് ഡൽഹിയിൽ നടക്കുന്നത്. അരവിന്ദ് കെജ്‌രിവാളിന്റെ ചുമലിലേറി ഒരു ഭരണത്തുടർച്ചയാണ് ആം ആദ്മി ലക്ഷ്യം വെയ്ക്കുന്നത്. എന്നാൽ മുൻപത്തെ തിരഞ്ഞെടുപ്പുകൾ പോലെ എളുപ്പമുള്ള ഒന്നാകില്ല ആം ആദ്മിക്ക് ഇത്തവണത്തേത്. കഴിഞ്ഞ ദിവസം എട്ട് ആം ആദ്മി എംഎൽഎമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക് പോയത് പാർട്ടിക്ക് വലിയ ക്ഷീണം ഉണ്ടാക്കിയിരുന്നു.
തിരഞ്ഞെടുപ്പിൽ സഖ്യം വേണ്ടെന്ന് ആം ആദ്മി നേരത്തെ തീരുമാനമെടുത്തിരുന്നു. തുടർന്ന് ഇരു പാർട്ടികളും കനത്ത വാദപ്രതിവാദങ്ങൾ പ്രചാരണത്തിനിടെ ഉയർത്തിയിരുന്നു. കെജ്‌രിവാളിനെ മദ്യനയ അഴിമതിക്കേസിലെ മുഖ്യ ആൾ എന്ന നിലയിൽ രാഹുൽ ഗാന്ധി വിശേഷിപ്പിച്ചതടക്കം നിരവധി സംഭവങ്ങൾ പ്രചാരണത്തിനിടെയുണ്ടായി. യമുന നദി വിവാദം തുടങ്ങി നിരവധി ആരോപണങ്ങൾ ബിജെപിയും ആം ആദ്മിക്ക് നേരെ ഉയർത്തിയിരുന്നു.
Content Highlights: Rahul Gandhi Attack Arvind Kejriwal Delhi Election