ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിനെതിരെ കേസ്. ഹരിയാന സര്‍ക്കാര്‍ യമുനാ ജലത്തില്‍ വിഷകലക്കുന്നുവെന്ന പ്രസ്താവനയില്‍ ഹരിയാനയിലെ കുരുക്ഷേത്ര പൊലീസാണ് കേസെടുത്തത്. സര്‍ക്കാരിനെയും സംസ്ഥാനത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ അരവിന്ദ് കെജ്‌രിവാള്‍ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
പ്രസ്താവനയില്‍ നേരത്തെ കെജ്‌രിവാള്‍ നേരിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെത്തി വിശദീകരണം നല്‍കിയിരുന്നു. ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഇതിന് വ്യക്തമായ കണക്കുകള്‍ ഉണ്ടെന്നുമാണ് കെജ്‌രിവാള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്.
കഴിഞ്ഞ ഡിസംബര്‍ മുതല്‍ യമുനയിലെ അമോണിയയുടെ അളവ് സംബന്ധിച്ച് ആപ്പ് സര്‍ക്കാര്‍ ഹരിയാന സര്‍ക്കാരിനെ ആശങ്ക അറിയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിതല ചര്‍ച്ചയ്ക്ക് ഹരിയാന അനുവാദം നല്‍കിയിരുന്നില്ല. ഈ മാസം 15 മുതല്‍ യമുനയില്‍ അമോണിയയുടെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നുണ്ടെന്നും ഇതില്‍ ഗൂഢാലോചന സംശയിക്കുന്നുവെന്നുമായിരുന്നു കെജ്‌രിവാളിന്റെ ആരോപണം.
Content Highlights: Arvind Kejriwal Faces Police Case In Haryana