ന്യൂഡല്‍ഹി: ബിജെപിയെയുടെയും കോൺഗ്രസിന്റെയും നിലപാടുകൾ വിലയിരുത്തി സിപിഐഎമ്മിൻ്റെ കരട് രാഷ്ട്രീയ പ്രമേയം. ഫാസിസ്റ്റിക് ആർഎസ്എസിൻ്റെ രാഷ്ട്രീയ മുഖമായാണ് കരട് രാഷ്ട്രീയ പ്രമേയം ബിജെപിയെ വിലയിരുത്തുന്നത്. മാധ്യമങ്ങളുടെയും അഭൂതപൂർവ്വമായ സമ്പത്തിൻ്റെയും വൻകിട കച്ചവടക്കാരുടെയും കൂട്ടുകെട്ടും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൻ്റെ സ്വാധീനവും ഉപയോഗിച്ച് ബിജെപിക്ക് വലതുപക്ഷ കേന്ദ്രീകരണം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നും കരട് രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാണിക്കുന്നു.
ബിജെപിയുടെ അതേ വർഗ സ്വഭാവമാണ് കോൺഗ്രസ് പ്രതിനിധീകരിക്കുന്നതെന്ന് സിപിഐഎമ്മിൻ്റെ കരട് രാഷ്ട്രീയ പ്രമേയം നിരീക്ഷിക്കുന്നു. അപ്പോഴും പ്രതിപക്ഷത്തെ പ്രധാനപ്പെട്ട മതേതര പാർട്ടിയെന്ന നിലയിൽ ബിജെപിക്കെതിരായ പോരാട്ടത്തിലും മതേതര ശക്തികളുടെ വിശാലമായ ഐക്യം രൂപപ്പെടുത്തുന്നതിലും കോൺഗ്രസിന് ഒരു റോളുണ്ടെന്നും കരട് രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നുണ്ട്. ഇതരരാഷ്ട്രീയ പാർട്ടികളോടുള്ള നിലപാട് സംബന്ധിച്ച് പറയുന്നിടത്താണ് ബിജെപിയെയും കോൺഗ്രസിനെയും കുറിച്ചുള്ള വിലയിരുത്തൽ സിപിഐഎം വ്യക്തമാക്കിയിരിക്കുന്നത്.
ഫാസിസ്റ്റിക് ആർഎസ്എസിൻ്റെ രാഷ്ട്രീയ മുഖമായാണ് കരട് രാഷ്ട്രീയ പ്രമേയം ബിജെപിയെ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ബൂർഷ്വാസികളുടെയും വലിയ ഭൂഉടമ വർഗങ്ങളുടെയും പ്രതിനിധികളാണ് ബിജെപിയെന്നും അവർക്ക് ഈ വിഭാഗങ്ങളുടെ വിശേഷിച്ച് വൻകിട കോർപ്പറേറ്റുകളുടെ പിന്തുണ നേടാൻ സാധിച്ചിട്ടുണ്ടെന്നും കരട് രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നു. മാധ്യമങ്ങളുടെയും അഭൂതപൂർവ്വമായ സമ്പത്തിൻ്റെയും വൻകിട കച്ചവടക്കാരുടെയും കൂട്ടുകെട്ടും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൻ്റെ സ്വാധീനവും ഉപയോഗിച്ച് ബിജെപിക്ക് വലതുപക്ഷ കേന്ദ്രീകരണം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നും കരട് രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാണിക്കുന്നു.
ആർഎസ്എസ് ബിജെപിയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ പ്രവർത്തിക്കാൻ പിന്നണിയിൽ നിന്നുള്ള പിന്തുണ നൽകുന്നുവെന്ന് കരട് രാഷ്ട്രീയ പ്രമേയത്തിൽ നിരീക്ഷണമുണ്ട്. പരസ്പരമുള്ള ഏകോപനത്തിലൂടെയും യോജിച്ചുള്ള പ്രവർത്തനത്തിലൂടെയും ആർഎസ്എസ് അതിൻ്റെ രാഷ്ട്രീയ രൂപമായ ബിജെപിയെ ഇക്കാലയളവിൽ ശക്തിപ്പെടുത്തിയെന്നും സിപിഐഎം രേഖ വിലയിരുത്തുന്നു. നരേന്ദ്ര മോദി അമിത് ഷാ ദ്വയത്തിൻ്റെ മേധാവിത്വം തുടരുകയാണെന്നും പാർട്ടി സംവിധാനത്തിലെ എല്ലാ അധികാരങ്ങളും ഇവരിൽ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും സിപിഐഎമ്മിൻ്റെ കരട് രാഷ്ട്രീയ പ്രമേയം നിരീക്ഷിക്കുന്നു.
തിരഞ്ഞെടുപ്പ് പോരാട്ടത്തിനായി ബിജെപി വിശാലമായ മൂന്ന് തന്ത്രങ്ങൾ ഉപയോഗിക്കുന്നുവെന്നാണ് കരട് രാഷ്ട്രീയ പ്രമേയത്തിലെ വിശകലനം. വിശാലഹിന്ദു വിഭാഗത്തിനിടയിൽ ധ്രുവീകരണവും കേന്ദ്രീകരണവും ഉണ്ടാക്കുന്നതിനായി ഹിന്ദുത്വ വിഷയങ്ങൾ അക്രമണാത്മകമായി ഉപയോഗിക്കുന്നു എന്നതാണ് ഒന്നമതായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് നേട്ടത്തിനായി ജാതി-ഉപജാതി സഖ്യത്തിൻ്റെ സോഷ്യൽ എഞ്ചിനീയറിംഗ് നടക്കുന്നുവെന്നതാണ് രണ്ടാമതായി എടുത്ത് പറഞ്ഞിരിക്കുന്നത്. ഉപഭോക്താക്കളെ സൃഷ്ടിക്കുന്നതിനായി സർക്കാരിൻ്റെ പണം നേരിട്ട് കൈമാറ്റം ചെയ്യാവുന്ന പദ്ധതികൾ ആവിഷ്കരിക്കുന്നു എന്നതാണ് മൂന്നാമതായി പറയുന്ന തിരഞ്ഞെടുപ്പ് തന്ത്രം.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് 240 സീറ്റുകൾ മാത്രമാണ് നേടാൻ കഴിഞ്ഞതെന്ന് സൂചിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയം 2019നെ അപേക്ഷിച്ച് 2024ൽ ബിജെപിക്ക് 1.1 ശതമാനം വോട്ട് ഷെയറിൽ കുറവ് വന്നതായും രേഖ ചൂണ്ടിക്കാണിക്കുന്നു. ഒഡീഷയിൽ ബിജെപിക്ക് ഉണ്ടായ മുന്നേറ്റവും കരട് രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാണിക്കുന്നുണ്ട്.
ലോക്സഭയിൽ കോൺഗ്രസിന് ശക്തിവർദ്ധിപ്പിക്കാൻ കഴിഞ്ഞെന്നും ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളുടെ സഹായത്തോടെ 44 സീറ്റിൽ നിന്നും 100 സീറ്റിലേയ്ക്ക് എത്താൻ സാധിച്ചെന്നും കരട് രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാണിക്കുന്നു. സഖ്യത്തിൻ്റെ സഹായത്തോടെ രാജ്യത്തുടനീളം മുസ്ലിം ന്യൂനപക്ഷത്തിൻ്റെ പിന്തുണ നേടിയെടുക്കാൻ സാധിച്ചു. എന്നാൽ കോൺഗ്രസിന് ശ്രദ്ധേയമായ നിലയിൽ അവരുടെ അടിത്തറ വിപുലീകരിക്കാൻ സാധിച്ചിട്ടില്ലെന്നും കരട് രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നു.
കോൺഗ്രസിൻ്റെ സാമ്പത്തികനയത്തിൻ്റെ ദിശ മാറിയിട്ടുണ്ടെന്ന് കരട് രാഷ്ട്രീയ പ്രമേയം നിരീക്ഷിക്കുന്നുണ്ട്. ചങ്ങാത്ത മുതലാളിത്തത്തെക്കുറിച്ച് കോൺഗ്രസ് സംസാരിച്ച് തുടങ്ങിയിട്ടുണ്ട്. അതേ സമയം ചങ്ങാത്ത മുതലാളിത്തത്തിൻ്റെ സന്തതിയായ നവഉദാരീകരണ നയങ്ങളോട് കോൺഗ്രസ് ഒട്ടിച്ചേർന്ന് നിൽക്കുന്നുവെന്നും കരട് രാഷ്ട്രീയ പ്രമേയം നിരീക്ഷിക്കുന്നുണ്ട്. കേന്ദ്ര നേതൃത്വം ഹിന്ദുത്വ അജണ്ടയ്ക്കെതിരെ കൂടുതൽ ശക്തമായ സമീപനം സ്വീകരിക്കുമ്പോഴും ബിജെപിയ്ക്കും ഹിന്ദുത്വ സഖ്യത്തിനും എതിരെ ശക്തമായ പ്രതിരോധം തീർക്കേണ്ടി വരുമ്പോൾ അതിൽ വെള്ളം ചേർക്കാനും സമരസപ്പെടാനുമുള്ള പ്രവണത കോൺഗ്രസിൽ ഉണ്ടെന്നും കരട് രാഷ്ട്രീയ പ്രമേയത്തിൽ നിരീക്ഷണമുണ്ട്.
ബിജെപിയുടെ അതേ വർഗ്ഗ സ്വഭാവമാണ് കോൺഗ്രസ് പ്രനിനിധീകരിക്കുന്നത്. അപ്പോഴും പ്രതിപക്ഷത്തെ പ്രധാനപ്പെട്ട മതേതര പാർട്ടിയെന്ന നിലയിൽ ബിജെപിക്കെതിരായ പോരാട്ടത്തിലും മതേതര ശക്തികളുടെ വിശാലമായ ഐക്യം രൂപപ്പെടുത്തുന്നതിലും കോൺഗ്രസിന് ഒരു റോളുണ്ടെന്നും കരട് രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാണിക്കുന്നുണ്ട്. മതേതര ശക്തികളുടെ വിശാലഐക്യം എന്ന ആവശ്യത്തിൽ ഊന്നിയാണ് സിപിഐഎമ്മിൻ്റെ കോൺഗ്രസിനോടുള്ള സമീപനം എന്നും ചൂണ്ടിക്കാണിക്കുന്നു. അപ്പോഴും കോൺഗ്രസുമായി രാഷ്ട്രീയ സഖ്യത്തിന് സിപിഐഎം തയ്യാറാകില്ലെന്നും കരട് രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നു.
Content Highlights: CPIM's draft political resolution Analysis the Position of Political Parties Like BJP And Congress