ന്യൂഡൽഹി: ഉത്തരാഗഢിന് പിന്നാലെ ഗുജറാത്തും ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കാനൊരുങ്ങുന്നു.
ഏകീകൃത സിവിൽ കോഡിൻ്റെ കരട് നിർമ്മിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു. വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് രാഞ്ജന ദേശായിയുടെ നേതൃത്വത്തിലാണ് സമിതി. കരട് നിർമ്മിച്ച് 45 ദിവസത്തിനുള്ളിൽ സമർപ്പിക്കാനാണ് നിർദ്ദേശം. കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.
വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ സി എല്‍ മീണ, അഡ്വ. ആര്‍ സി കൊഡേകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ദക്ഷേശ് ഥാക്കര്‍, സാമൂഹിക പ്രവര്‍ത്തക ഗീത ഷറോഫ് എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. എല്ലാവര്‍ക്കും തുല്ല്യ അവകാശം ഉറപ്പുവരുത്താന്‍ ഏക സിവില്‍കോഡ് രാജ്യത്താകെ നടപ്പിലാക്കുക എന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു.
2024 ഫെബ്രുവരിയിലാണ് ഉത്തരാഖണ്ഡ് നിയമസഭ ഏക സിവിൽ കോഡ് ബിൽ പാസാക്കിയത്. തുടർന്ന് മാർച്ച് 12ന് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. ഉത്തരാഖണ്ഡിലും റിട്ട ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് ബിൽ നിർദേശങ്ങൾ തയ്യാറാക്കിയത്.
ഏക സിവിൽ കോഡ് നിലവിൽ വരുന്നതോടെ ഉത്തരാഖണ്ഡിൽ എല്ലാ മതവിശ്വാസികളുടെയും വിവാഹപ്രായം ഏകീകരിക്കപ്പെടും. നിലവിലെ വ്യവസ്ഥകളോട് ചേർന്ന്, എല്ലാ മതവിശ്വാസങ്ങളിലുംപെട്ട പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസും ആൺകുട്ടികളുടെ വിവാഹപ്രായം 21 ഉം തന്നെ ആയിരിക്കും. വിവാഹത്തിന് കൃത്യമായ രജിസ്ട്രേഷൻ, വിവാഹമോചനത്തിന് ഭാര്യക്കും ഭർത്താവിനും തുല്യ കാരണങ്ങൾ, ഭർത്താവിന് ബാധകമായ അതേ വിവാഹമോചന കാരണങ്ങൾ ഭാര്യയ്ക്കും ബാധകമായിരിക്കും, ഒരു ഭാര്യ ജീവിച്ചിരിക്കുന്നിടത്തോളം രണ്ടാം വിവാഹം സാധ്യമല്ല, അതായത് ബഹുഭാര്യത്വത്തിന് നിരോധനം തുടങ്ങിയവയാണ് മറ്റ് നിയമങ്ങൾ. അനന്തരാവകാശത്തിൽ ആൺകുട്ടികളെപ്പോലെ പെൺകുട്ടികൾക്കും തുല്യാവകാശം, ലിവ്-ഇൻ ബന്ധത്തിന് അനുമതി വേണം തുടങ്ങിയവയാണ് മറ്റ് ചില നിയമങ്ങൾ. പട്ടികവർഗ വിഭാഗത്തെ ഏക സിവിൽ കോഡിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
content highlight- Preparations for the implementation of the Uniform Civil Code, a five-member committee was formed to prepare the draft