ഡൽഹി ഇന്ന് പോളിങ് ബൂത്തിലേയ്ക്ക്: ഭരണം നിലനിർത്താൻ എഎപി, തിരിച്ചുവരാൻ ബിജെപിയും കോൺഗ്രസും

70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്

dot image

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ജനവിധി നിർണ്ണയിക്കാൻ ഡൽഹി ഇന്ന് പോളിങ് ബൂത്തിലേയ്ക്ക്. ഡൽഹിയിലെ 70 മണ്ഡലങ്ങളിലേയ്ക്ക് ഒറ്റതവണയായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 1.55 കോടി വോട്ടർമാരാണ് ഡൽഹിയുടെ ജനവിധി നിർണ്ണയിക്കുക. ഇതിൽ 83,76,173 പേർ പുരുഷ വോട്ടർമാരും, 72,36,560 പേർ സ്ത്രീ വോട്ടർമാരുമാണ്. 1267 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. 13,766 പോളിങ്ബൂത്തുകളിലായാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ.

കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും പ്രധാന എതിരാളികളായ ബിജെപിയെയും കോൺ​ഗ്രസിനെയും നിഷ്പ്രഭരാക്കിയായിരുന്നു ആം ആദ്മി അധികാരത്തിലെത്തിയത്. ഇത്തവണയും 55 സീറ്റുകളിൽ വിജയിച്ച് അധികാരത്തിലെത്തുമെന്നാണ് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിൻ്റെ അവകാശവാദം. ഇത്തവണ ഭരണമാറ്റം ഉണ്ടാകുമെന്നാണ് ബിജെപിയുടെ ആത്മവിശ്വാസം. കേന്ദ്ര ബഡ്ജറ്റിൽ മധ്യവർഗ്ഗക്കാർക്ക് നൽകിയ പരി​ഗണന ഡൽഹിയിൽ വോട്ടായി മാറുമെന്നും ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ 27 വർഷമായി ഡൽ​ഹിയിൽ അധികാരത്തിന് പുറത്താണ് ബിജെപി. അതിനാൽ തന്നെ ഭരണം പിടിക്കാൻ അരയും തലയും മുറുക്കിയാണ് ബിജെപി നേതൃത്വം രം​ഗത്തെത്തിയത്. ആം ആദ്മി പാർട്ടിയെയും ബിജെപിയെയും വെല്ലുവിളിച്ച് കരുത്ത് കാണിക്കാം എന്ന പ്രതീക്ഷയിലാണ് കോൺ​ഗ്രസ്. കഴിഞ്ഞ പത്ത് വർഷമായി ഡൽഹി നിയമസഭയിൽ പ്രാതിനിധ്യം കിട്ടാത്ത കോൺ​ഗ്രസിനെ സംബന്ധിച്ച് ഇത്തവണത്തെ തിരഞ്ഞെടുപ്പ് നിർണ്ണായകമാണ്.

ഇതിനിടെ കൽക്കാജി മണ്ഡലത്തിൽ മത്സരിക്കുന്ന മുഖ്യമന്ത്രി അഷിതി മർലേനയുടെ ജീവക്കാരനെ അഞ്ച് ലക്ഷം രൂപയുമായി മണ്ഡലത്തിൽ നിന്നും പിടികൂടിയത് തിരഞ്ഞെടുപ്പ് ദിവസം ചർച്ചയാകുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി തിരഞ്ഞെടുപ്പ് ദിവസം കുംഭമേളയിൽ പങ്കെടുക്കുന്നും എന്നതും സവിശേഷതയാണ്.

Content Highlights: Delhi assembly election 2025 AAP braces for tough fight against BJP, Congress

dot image
To advertise here,contact us
dot image