![search icon](https://www.reporterlive.com/assets/images/icons/search.png)
ഷിംല: വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം വധു സ്വർണവും പണവുമായി കടന്നു. ഹിമാചൽ പ്രദേശിലെ ഹാമിർപുർ ജില്ലയിലെ സഹി ഗ്രാമത്തിലാണ് സംഭവം. യുവതി തന്നെ വഞ്ചിച്ചതായി ആരോപിച്ച് ജിതേഷ് ശർമ എന്ന യുവാവ് പൊലീസിൽ പരാതി നൽകി.
2024 ഡിസംബർ 13-നാണ് ബബിത എന്ന യുവതിയുമായി ജിതേഷിന്റെ വിവാഹം നടന്നത്. ക്ഷേത്രത്തിൽ വെച്ച് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ എല്ലാ ആചാരങ്ങളോടും കൂടിയായിരുന്നു വിവാഹം. എന്നാൽ വിവാഹത്തിന് ശേഷം, അമ്മയ്ക്ക് സുഖമില്ലെന്ന കാരണം പറഞ്ഞ് ബബിത യമുനാനഗറിലെ സ്വന്തംവീട്ടിലേക്ക് പോയെന്നാണ് യുവാവ് ആരോപിക്കുന്നത്. സ്വർണവും അവർ കൊണ്ടുപോയതായും പരാതിക്കാരൻ പറയുന്നു.
രണ്ട് ദിവസത്തിന് ശേഷം താൻ തിരിച്ചുവരുമെന്ന് വധു ഉറപ്പുനൽകിയെങ്കിലും പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും എടുത്തില്ല. വിവാഹം സംഘടിപ്പിച്ച ബൽദേവ് ശർമയും വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ തുടങ്ങി. ഒന്നരലക്ഷം രൂപ ഇയാൾ വിവാഹത്തിനായി കൈപ്പറ്റിയിരുന്നെന്നും ജിതേഷ് കൂട്ടിച്ചേർത്തു.
ബബിത പോയതിന് പിന്നാലെ ബൽദേവിനെ ബന്ധപ്പെട്ടെങ്കിലും വിഷയത്തിൽ ഇടപെടാൻ തയ്യാറായില്ല. തുടർന്ന് ജിതേഷ് പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഹാമിർപൂർ എസ്പി ഭഗത് സിംഗ് പറഞ്ഞു.
Content Highlights: Bride disappears with money and jewellery within hours of wedding in Hamirpur