ബെംഗളൂരു: മൂന്നൂറോളം ഉദ്യോഗാർത്ഥികളെ ഒറ്റയടിക്ക് പിരിച്ചുവിട്ട് ഐടി ഭീമൻ ഇൻഫോസിസ്. മൈസൂരു കാമ്പസിലാണ് കൂട്ടപ്പിരിച്ചുവിടൽ നടന്നത്. സ്ഥാപനത്തിൽ ട്രെയിനിയായി ജോലി ചെയ്ത് വരികയായിരുന്നു ഇവർ. 700 പേരെയായിരുന്നു സ്ഥാപനം ആകെ ട്രെയിനി തസ്തികയിലേക്ക് തിരഞ്ഞെടുത്തത്. ഇതിൽ മുന്നൂറ് പേരാണ് പുറത്താക്കപ്പെട്ടിരിക്കുന്നത്.
ജീവനക്കാരുടെ നിലവാരം അളക്കുന്നതിനായി നടത്തുന്ന ഇന്റേണൽ അസെസ്മെന്റ് പരീക്ഷയിൽ വിജയിക്കാതിരുന്ന ഉദ്യോഗാർത്ഥികളെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. ഇവർക്ക് മൂന്ന് തവണ അവസരം നൽകിയെന്നും എന്നിട്ടും പരീക്ഷയിൽ പാസായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ നടപടി. ബാച്ചുകളായി ഉദ്യോഗാർത്ഥികളെ വിളിച്ചുവരുത്തുകയും യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിടുകയാണെന്ന് അറിയിക്കുകയുമായിരുന്നു.
ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്ന വേളയിൽ തന്നെ ഇന്റേണൽ അസെസ്മെന്റിനെ കുറിച്ച് വ്യക്തമാക്കിയിരുന്നുവെന്ന് ഇൻഫോസിസ് പറയുന്നു. ഉദ്യോഗാർത്ഥികൾക്ക് നൽകിയ കോൺട്രാക്ടിലും മൂന്ന് ശ്രമങ്ങൾക്കുള്ളിൽ പരീക്ഷയിൽ പാസായിരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും സ്ഥാപനം കൂട്ടിച്ചേർത്തു. രണ്ട് പതിറ്റാണ്ടായി ഈ പ്രക്രിയ തുടർന്ന് വരികയാണെന്നും ക്ലയന്റുകൾക്ക് ഉയർന്ന നിലവാരമുള്ള സേവനം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇതെന്നും സ്ഥാപനം വ്യക്തമാക്കുന്നു.
അതേസമയം ജോലിക്കെടുത്ത ട്രെയിനികളുടെ എണ്ണം ഉയർന്നതാണെന്നും ഓഫർ ലഭിച്ച് രണ്ട് വർഷത്തോളം കാത്തിരുന്ന ശേഷമാണ് ഇവർക്ക് ജോലിയിൽ പ്രവേശിക്കാനായതെന്നും നാസന്റ് ഇൻഫോർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനേറ്റ് (എൻഐടിഇഎസ്) ചൂണ്ടിക്കാട്ടി. സാഹചര്യം കണക്കിലെടുത്ത് തൊഴിൽ മന്ത്രാലയത്തിന് പരാതി നൽകുമെന്നും എൻഐടിഇഎസ് കൂട്ടിച്ചേർത്തു.
Content Highlight: Infosys lays off 300 trainees in Mysuru