തുടർച്ചയായ മൂന്നാം വട്ടവും ‍ഡൽഹിയിൽ പച്ചതൊടാതെ കോൺ​ഗ്രസ്; ഇൻഡ്യ മുന്നണിയിലും 'കല്ലുകടി'

തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ഇൻഡ്യ സഖ്യത്തിലെ പ്രധാനകക്ഷിയായ കോൺ​ഗ്രസിൻ്റെ ഡൽഹി നിലപാട് ചോദ്യം ചെയ്ത് സഖ്യകക്ഷികൾ രം​ഗത്ത് വന്നിട്ടുണ്ട്

dot image

ന്യൂഡൽഹി: പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ എഎപിയുമായുണ്ടാക്കിയ സഖ്യം അവസാനിപ്പിച്ച് ഡൽഹിയിൽ ഒറ്റയ്ക്ക് മത്സരിച്ച കോൺ​ഗ്രസിന് നേട്ടമുണ്ടാക്കാനായില്ല. തുടർച്ചയായ മൂന്നാമത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും ഒരു സീറ്റിൽ പോലും ഡൽഹിയിൽ നിന്നും വിജയിക്കാൻ കോൺ​ഗ്രസിന് കഴിഞ്ഞില്ല. നേരത്തെ 2015ലും 2020ലും കോൺ​ഗ്രസിന് ഡൽഹിയിൽ അക്കൗണ്ട് തുറക്കാൻ സാധിച്ചിരുന്നില്ല.

1998ൽ ഷീല ദീക്ഷിതിൻ്റെ നേതൃത്വത്തിൽ 52 സീറ്റുകളുമായി അധികാരത്തിലെത്തിയ കോൺ​ഗ്രസ് തുടർച്ചയായ മൂന്ന് തിരഞ്ഞെടുപ്പുകളിൽ വിജയിച്ചിരുന്നു. 1998ൽ 47.76 ശതമാനം വോട്ടുകളായിരുന്നു കോൺ​ഗ്രസിന് ലഭിച്ചത്. 2003ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 47 സീറ്റുകൾ നേടിയായിരുന്നു ഷീലാ ദീക്ഷിത് അധികാര തുടർച്ച നേടിയത്. 48.13 ശതമാനം വോട്ടുകളായിരുന്നു 2003ൽ കോൺ​ഗ്രസ് നേടിയത്. 2008 43 സീറ്റുകളുമായി ഷീലാ ദീക്ഷിത് ഹാട്രിക് തികച്ചു. അത്തവണ 40.31 ശതമാനം വോട്ടുകളായിരുന്നു കോൺ​ഗ്രസ് നേടിയത്.

എന്നാൽ 2013ലെ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. 2008ലെ 43 സീറ്റുകൾ എട്ട് സീറ്റിലേയ്ക്ക് ചുരുങ്ങി. വോട്ട് ശതമാനത്തിലും കോൺ​ഗ്രസിന് വലിയ നഷ്ടം സംഭവിച്ചു. 24.6 ശതമാനം വോട്ട് മാത്രമാണ് 2013ൽ കോൺ​ഗ്രസിന് നേടാനായത്. 2015ൽ അരവിന്ദ് കെജ്‌രിവാള്‍ ആദ്യമായി അധികാരത്തിലെത്തിയ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് പക്ഷെ ഒരൊറ്റ സീറ്റിൽ പോലും വിജയിക്കാൻ സാധിച്ചിരുന്നില്ല. ഷീലാ ദീക്ഷിതിന് പകരം അജയ് മാക്കൻ്റെ നേതൃത്വത്തിലായിരുന്നു കോൺ​ഗ്രസ് അന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടത്. 14.9 ശതമാനം വോട്ടായിരുന്നു 2015ൽ കോൺ​ഗ്രസിന് ലഭിച്ചത്. 2020ലും കോൺ​ഗ്രസിന് ഡൽഹി നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ സാധിച്ചിരുന്നില്ല. വോട്ടുശതമാനത്തിലും കോൺ​ഗ്രസിന് പിന്നാക്കം പോകേണ്ടി വന്നിരുന്നു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിയിലെ സഖ്യകക്ഷിയായ ആം ആദ്മി പാർട്ടിയുമായി ചേ‍ർന്നായിരുന്നു കോൺ​ഗ്രസ് മത്സരിച്ചത്. എന്നാൽ സഖ്യത്തിന് പ്രതീക്ഷിച്ച വിജയം ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. ഡൽഹിയിൽ ആകെയുള്ള ഏഴ് ലോക്സഭാ സീറ്റുകളും ബിജെപി തൂത്തുവാരിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും ഇൻഡ്യ സഖ്യം ഒരുമിച്ച് മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ സഖ്യത്തിനൊരുങ്ങാതെ രണ്ട് പാർട്ടികളും സ്വന്തം നിലയിൽ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ​ഗാന്ധി അരവിന്ദ് കെജ്‌രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരെ രൂക്ഷവിമ‍ർശനങ്ങളാണ് ഉന്നയിച്ചത്. ബിജെപി നേതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ കോൺ​ഗ്രസ് നേതാക്കളും അരവിന്ദ് കെജ്‌രിവാളിനെതിരെ തിരഞ്ഞെടുപ്പ് പ്രചാരണ രം​ഗത്ത് ഉന്നയിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ പ്രതീക്ഷ പുലർത്തിയ മണ്ഡലങ്ങളിലൊന്നും ശ്രദ്ധേയമായ പ്രകടനം കാഴ്ച വെയ്ക്കാൻ കോൺ​ഗ്രസിന് സാധിച്ചിട്ടില്ല. അൽക്ക ലാംബ മത്സരിച്ച കൽക്കാജിയിലും ഷീല ദീക്ഷിതിൻ്റെ മകൻ സന്ദീപ് ദീക്ഷിത് മത്സരിച്ച ന്യൂഡൽഹി മണ്ഡലത്തിലും കോൺ​ഗ്രസിൻ്റെ പ്രകടനം ദയനീയമായിരുന്നു. 2020നെ അപേക്ഷിച്ച് വോട്ട് ശതമാനത്തിൽ നേരിയ വർദ്ധനവ് ഉണ്ടാക്കാൻ കോൺഗ്രസിന് സാധിച്ചു.

തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ഇൻഡ്യ സഖ്യത്തിലെ കക്ഷികൾ കോൺ​ഗ്രസിൻ്റെയും ആം ആദ്മി പാർട്ടിയുടെയും ഡൽഹി നിലപാട് ചോദ്യം ചെയ്ത് രം​ഗത്ത് വന്നിട്ടുണ്ട്. 'ഇനിയും കലഹിക്കൂ' എന്നായിരുന്നു നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള
കോണ്‍ഗ്രസിനെയും എഎപിയെയും പരിഹസിച്ചത്. കോൺ​ഗ്രസും എഎപിയും പരസ്പരം മത്സരിച്ചതിൽ പ്രതികരണവുമായി ശിവസേന ഉദ്ദവ് പക്ഷവും രം​ഗത്ത് വന്നിരുന്നു. കോൺഗ്രസും എഎപിയും ഒന്നിക്കാത്തതിൽ നിരാശയെന്നായിരുന്നു ശിവസേന ഉദ്ദവ് വിഭാ​ഗം നേതാവ് സഞ്ജയ് റാവത്ത് എംപിയുടെ പ്രതികരണം. കോൺഗ്രസിന്റെയും എഎപിയുടെയും ശത്രു ബിജെപിയാണ്, കോൺഗ്രസും എഎപിയും ഒന്നിച്ചിരുന്നെങ്കിൽ ആദ്യ മണിക്കൂറിൽ തന്നെ വിജയിക്കുമായിരുന്നു എന്നായിരുന്നു സഞ്ജയ് റാവത്തിൻ്റെ പ്രതികരണം.

മുസ്‌ലിം ലീ​ഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും വിമർശനവുമായി രം​ഗത്ത് വന്നു. ഇൻഡ്യ സഖ്യത്തിലെ ഭിന്നിപ്പ് ഡല്‍ഹിയില്‍ തിരിച്ചടിയായെന്നായിരുന്നു മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് ജയിക്കാന്‍ ബിജെപിക്ക് അവസരം ഉണ്ടാക്കിക്കൊടുക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. ഡല്‍ഹിയില്‍ ഒറ്റക്കെട്ടായി നിന്നിരുന്നുവെങ്കില്‍ വിജയിക്കാന്‍ കഴിയുമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു. 'ഒരു പാര്‍ട്ടിയെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. എല്ലാവരും ചേര്‍ന്ന് ആലോചിക്കണം. ഭാവിയില്‍ ഈ അവസ്ഥ ആവര്‍ത്തിക്കാതിരിക്കണം. ഇന്ത്യ മുന്നണിയിലെ കക്ഷികള്‍ വിശാല മനസ്സ് കാണിക്കണം' എന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തിരുന്നു. ഇൻഡ്യ മുന്നണിയുടെ നിലനിൽപ്പിനെ പോലും ബാധിക്കുന്ന നിലയിൽ ഡൽഹിയിലെ കോൺ​ഗ്രസിൻ്റെ ദയനീയ പ്രകടനം മാറിയിട്ടുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Content Highlights: Set back for Congress in Delhi for the third consecutive time

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us