![search icon](https://www.reporterlive.com/assets/images/icons/search.png)
ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി തകര്‍ന്നടിഞ്ഞതിന് പിന്നാലെ പരിഹാസവുമായി ആപ് എംപി സ്വാതി മലിവാള്‍. ദ്രൗപതിയുടെ വസ്ത്രാക്ഷേപത്തിന്റെ പെയിന്റിങ് പങ്കുവെച്ച സ്വാതിയുടെ എക്‌സ് പോസ്റ്റ് നിലവില്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാകുകയാണ്. കൗരവപ്പട ദ്രൗപതിയുടെ വസ്ത്രാക്ഷേപം നടത്തുന്നതും തത്സമയം വസ്ത്രം നൽകുന്ന കൃഷ്ണനെയുമാണ് സ്വാതി പങ്കുവെച്ചത്.
കഴിഞ്ഞ വര്‍ഷം അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ വെച്ച് സഹായി ബൈഭവ് കുമാര്‍ തന്നെ ആക്രമിച്ചെന്ന് സ്വാതി മലിവാള്‍ ആരോപിച്ചിരുന്നു. പിന്നീട് ആംആദ്മിയുമായി പ്രത്യക്ഷത്തില്‍ തന്നെ സ്വാതി ഇടഞ്ഞു നില്‍ക്കുകയായിരുന്നു. ഡല്‍ഹിയിലെ മാലിന്യ പ്രശ്‌നത്തില്‍ പ്രതിഷേധവുമായി കഴിഞ്ഞ ആഴ്ച സ്വാതി കെജ്‌രിവാളിന്റെ വസതിയില്‍ മാലിന്യം തള്ളിയിരുന്നു. തുടര്‍ന്ന് സ്വാതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
— Swati Maliwal (@SwatiJaiHind) February 8, 2025
അതേസമയം ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ തോറ്റു. ബിജെപി സ്ഥാനാര്‍ത്ഥി പര്‍വേഷ് വര്‍മയോടാണ് കെജ്‌രിവാള്‍ തോറ്റത്. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിത് മൂന്നാം സ്ഥാനത്താണ്. നിലവില്‍ 70 സീറ്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം മറികടന്ന് 48 സീറ്റില്‍ ബിജെപി മുന്നേറുകയാണ്. ആം ആദ്മി പാര്‍ട്ടി 22 സീറ്റിലും മുന്നില്‍ നില്‍ക്കുന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും മുന്നേറ്റമുണ്ടാക്കാനായിട്ടില്ല.
Content Highlights: Swati Maliwal criticize Aam Admi Party