
ന്യൂഡല്‍ഹി: ഡല്‍ഹി കലാപമുണ്ടായ വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ പത്തില്‍ അഞ്ച് സീറ്റുകളും സ്വന്തമാക്കി ബിജെപി. തിമാര്‍പുര്‍, മുസ്തഫാബാദ് എന്നിവ നേടിയെടുത്തപ്പോള്‍ റോഹ്താസ് നഗര്‍, ഘോണ്ട, കര്‍വാല്‍ നഗര്‍ എന്നീ സീറ്റുകള്‍ നിലനിര്‍ത്തി. ബുരാരി, സീമാപുരി, സീലംപുര്‍, ബാബര്‍പുര്‍, ഗോകല്‍പുര്‍ എന്നീ സീറ്റുകള്‍ ആംആദ്മി പാര്‍ട്ടി നിലനിര്‍ത്തി. കഴിഞ്ഞ ദിവസമായിരുന്നു ഡല്‍ഹി തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചത്. ആകെയുള്ള 70 സീറ്റിൽ 48 എണ്ണത്തിൽ വിജയിച്ചാണ് 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലേറിയത്.
ദളിത്, മുസ്‌ലിം വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് വടക്കു കിഴക്കന്‍ ഡല്‍ഹിയിൽ കൂടുതലെങ്കിലും ഉത്തരാഖണ്ഡില്‍ നിന്നും പുര്‍വഞ്ചാലില്‍ നിന്നുമുള്ളവരുടെ ജനസംഖ്യയും ഇവിടെ കൂടുതലാണ്. ഫെബ്രുവരിയില്‍ സിഎഎ വിരുദ്ധ പ്രതിഷേധത്തിന് പിന്നാലെ നടന്ന കലാപത്തില്‍ കര്‍വാല്‍ നഗര്‍, ഗോകല്‍പുര്‍, സീലംപുര്‍, മുസ്തഫാബാദ് എന്നിവിടങ്ങളില്‍ ഡല്‍ഹി പൊലീസിന്റെ സാന്നിധ്യത്തില്‍ തന്നെ ആള്‍ക്കൂട്ടം വീടുകളും കടകളും ബസുകളും കത്തിച്ചിരുന്നു. പ്രധാനമായും മുസ്‌ലിങ്ങളെയായിരുന്നു ഈ ആക്രമണങ്ങളില്‍ ലക്ഷ്യം വെച്ചതെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഡല്‍ഹി കലാപത്തിന് ശേഷം ആദ്യം നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്.
തിമാര്‍പുറില്‍ സൂര്യ പ്രകാശ് ഖത്രി ആംആദ്മിയുടെ സുരിന്ദര്‍ പല്‍ സിങ്ങിനെ 1168 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു. കോണ്‍ഗ്രസിന്റെ ലോകേന്ദ്ര കല്യാണ്‍ സിങ്ങ് 8361 വോട്ടുകള്‍ മാത്രമേ നേടിയിട്ടുള്ളു. റോഹ്താസ് നഗറില്‍ ജിതേന്ദര്‍ മഹാജന്‍ ആംആദ്മിയുടെ സരിത സിങ്ങിനെ 27,902 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു. ഘോണ്ടയില്‍ എംഎല്‍എ അജയ് മഹാവര്‍ ആംആദ്മിയുടെ ഗൗരവ് ശര്‍മയെ 26,058 വോട്ടുകള്‍ക്കാണ് പിന്നിലാക്കിയത്. മുസ്തഫാബാദില്‍ കര്‍വാല്‍ എംഎല്‍എയായിരുന്ന മോഹന്‍ സിഭ് ബിഷ്താണ് മത്സരിച്ചത്. ആംആദ്മിയുടെ അദീല്‍ അഹമ്മദ് ഖാനെ 17,578 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മോഹന്‍ സിങ് ബിഷ്തിനെ തോല്‍പ്പിച്ചത്. കര്‍വാല്‍ നഗറില്‍ കപില്‍ മിശ്ര 23,355 വോട്ടുകള്‍ക്കാണ് ആംആദ്മിയുടെ മനോജ് കുമാര്‍ ത്യാഗിയെ തോല്‍പ്പിച്ചത്. ഡല്‍ഹി കലാപത്തിന് മുന്നോടിയായി പൊലീസിന്റെ സാന്നിധ്യത്തിലും കപില്‍ മിശ്ര പ്രകോപനപരമായ പ്രസംഗം നടത്തിയിരുന്നു.
സീലംപുര്‍ മണ്ഡലത്തില്‍ ആംആദ്മിയുടെ ചൗധരി സുബൈര്‍ അഹ്‌മദ് ബിജെപിയുടെ അനില്‍ കുമാര്‍ ശര്‍മയെ 42, 477 വോട്ടുകളുടെ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ചു. 59.21 ശതമാനം വോട്ടുകള്‍ അഹ്‌മദ് നേടിയപ്പോള്‍ ശര്‍മയ്ക്ക് ലഭിച്ചത് 27.38 ശതമാനം വോട്ടാണ്. സിറ്റിങ് എംഎല്‍എയായിരുന്ന അബ്ദുല്‍ റഹ്‌മാനായിരുന്നു കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ചത്. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ആംആദ്മിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് ചേക്കേറിയ അബ്ദുല്‍ റഹ്‌മാന് 12.4 ശതമാനം വോട്ടുകള്‍ മാത്രമേ നേടാന്‍ സാധിച്ചുള്ളു.
ആംആദ്മിയുടെ ഡല്‍ഹി കണ്‍വീനറും മന്ത്രിയുമായിരുന്ന ഗോപാല്‍ റായ് 18,994 ഭൂരിപക്ഷം നേടി ബാബര്‍പുര്‍ സീറ്റ് നിലനിര്‍ത്തി. ഗോപാല്‍ റായ് 53.19 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപിയുടെ അനില്‍ കുമാര്‍ വഷിഷ്ടിന് 39.33 ശതമാനം വോട്ടുകള്‍ ലഭിച്ചു. കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ച മുഹമ്മദ് ഇഷ്‌റാഖ് ഖാന്‍ നേടിയത് 8,797 വോട്ടുകള്‍ മാത്രമാണ്. ഗോകല്‍പുരില്‍ മത്സരിച്ച ആംആദ്മിയുടെ സുരേന്ദ്ര കുമാര്‍ ബിജെപിയുടെ പ്രവീണ്‍ നിമേഷിനെ തോല്‍പ്പിച്ചത് 8,082ന്റെ ഭൂരിപക്ഷത്തിലാണ്. സീമാപുരിയില്‍ മുന്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് എംഎല്‍എ വീര്‍ സിങ് ദിന്‍ഗന്‍ ബിജെപിയുടെ കെയു റിങ്കുവിനെ 10368 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു. ബുരാരിയില്‍ ജെഡിയുവിന്റെ ശൈലേന്ദ്ര കുമാറിനെ 16,093 വോട്ടുകള്‍ക്കാണ് സഞ്ജീവ് ത്സാ തോല്‍പ്പിച്ചത്.
Content Highlights: AAP and BJP each get 3 seats on Delhi riot constituencey