![search icon](https://www.reporterlive.com/assets/images/icons/search.png)
ന്യൂഡൽഹി: പഞ്ചാബിൽ ഇടക്കാല തിരഞ്ഞെടുപ്പ് പ്രവചിച്ച് മുതിർന്ന കോൺഗ്രസ് എംപി സുഖ്ജീന്ദർ സിംഗ് രൺധാവ. ഡൽഹി അസംബ്ലി തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പഞ്ചാബിലെ ആം ആംദ്മി പാർട്ടി എംഎൽഎമാരുമായി അരവിന്ദ് കെജ്രിവാൾ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രൺധാവയുടെ പരാമർശം. എഎപിയിൽ നിന്നും കൂടുതൽ എംഎൽഎമാർ രാജിവെക്കുമെന്നും സംസ്ഥാനത്ത് ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നുമാണ് പരാമർശം.
'അഴിമതിക്കാരനാണെങ്കിൽ തനിക്ക് വോട്ട് ചെയ്യേണ്ടതില്ല എന്നായിരുന്നു കെജ്രിവാളിന്റെ പരാമർശം. ഇപ്പോൾ ഡൽഹിയിലെ ജനങ്ങൾ അദ്ദേഹത്തെ ജയിപ്പിക്കേണ്ടതില്ല എന്ന് തീരുമാനിച്ചു. താനല്ലാതെ മറ്റാരും സത്യസന്ധരല്ല എന്നാണ് ഒരു നേതാവ് പറയുന്നത്. ഇപ്പോൾ അദ്ദേഹം തോറ്റു, അദ്ദേഹത്തിന്റെ ഉപമുഖ്യമന്ത്രിയും തോറ്റു. എഎപിയുടെ പല എംഎൽഎമാർക്കും മറ്റ് പാർട്ടികളുമായി ബന്ധമുണ്ട്. ഇതിൽ പലരും മറ്റ് പാർട്ടികളിലേക്ക് പോകും. എഎപിയുടെ എംഎൽഎമാരെ സ്വീകരിക്കുന്നത് വേണ്ടെന്നു വയ്ക്കണം എന്നാണ് ഹൈക്കമാൻഡിനോട് പറയാനുള്ളത്', രൺധാവ പറഞ്ഞു.
ഡൽഹിയിൽ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ സർക്കാരിനെ നിലനിർത്തിക്കൊണ്ടുപോകുക എഎപിക്ക് പ്രയാസമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി നിരവധി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. എഎപിയുടെ സംസ്ഥാന ഘടകത്തിൽ ഭിന്നിപ്പുണ്ടെന്നും പ്രചാരണമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് വേളയിൽ പഞ്ചാബിൽ നിന്നുള്ള എംഎൽഎമാരേയും എഎപി പ്രചാരണത്തിനിറക്കിയിരുന്നു. ഇന്ന് നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയിൽ നേതാക്കളോട് ഡൽഹിയിലെ വീഴ്ചയ്ക്ക് പിന്നിലെ കാരണം തിരക്കിയേക്കുമെന്നാണ് സൂചന.
Content Highlight: AAP MLA's will leave party, congress MP predicts mid term bypolls in Punjab