![search icon](https://www.reporterlive.com/assets/images/icons/search.png)
ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. മതിയായ രേഖകളില്ലാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് എതിരെയാണ് നടപടി. ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്ന ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ബില്‍ 2025 ,ലോക്‌സഭയില്‍ ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കും. പുതിയ ബില്‍ പ്രകാരം പാസ്‌പോര്‍ട്ടോ വിസയോ കൂടാതെ ഇന്ത്യയില്‍ പ്രവേശിക്കുന്നവർക്ക് അഞ്ചുവര്‍ഷം വരെ തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും ലഭിക്കും.
പുതിയ ബില്ല് പ്രകാരം, വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിക്കുന്നവർക്കുള്ള ശിക്ഷാപരിധി ഏഴ് വര്‍ഷമാക്കും. വിസ കാലാവധി കഴിഞ്ഞ് ഇന്ത്യയിൽ തുടർന്നാലോ വിസ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാലോ മൂന്ന് വര്‍ഷം വരെ തടവും മൂന്ന് ലക്ഷം രൂപ വരെ പിഴയും ലഭിക്കും. മതിയായ രേഖകളില്ലാതെ വിദേശികളെ സഞ്ചാരത്തിന് സഹായിക്കുന്ന കാരിയേഴ്‌സിന് അഞ്ചുലക്ഷം രൂപ വരെ പിഴുമാണ് ശിക്ഷ.
നിലവിലുള്ള ഫോറിനേഴ്‌സ് ആക്ട് 1946, പാസ്‌പോര്‍ട്ട് ആക്ട് 1920, രജിസ്‌ട്രേഷന്‍ ഓഫ് ഫോറിനേഴ്‌സ് ആക്ട് 1939, ഇമിഗ്രേഷന്‍ ആക്ട് 2000 എന്നിവയ്ക്ക് പകരമായാണ് പുതിയ ബില്‍ കൊണ്ടുവരുന്നത്. ഇന്ത്യയിൽ പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ രജിസ്‌ട്രേഷന്‍ ഓഫീസർക്ക് നൽകണം. മതിയായ രേഖകൾ ഇല്ലാതെ വിദേശികളെ രാജ്യത്തേക്ക് കൊണ്ടുവന്നിട്ടുണ്ടെന്ന് ഒരു ഇമിഗ്രേഷൻ ഓഫീസർ കണ്ടെത്തിയാൽ അഞ്ച് ലക്ഷം രൂപ വരെ പിഴ ചുമത്താം. പിഴ അടച്ചില്ലെങ്കില്‍, വിമാനവും കപ്പലും ഉൾപ്പെടെ വിദേശി സഞ്ചരിച്ച വാഹനങ്ങൾ പിടിച്ചെടുക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകുമെന്നും ബില്ലിൽ പറയുന്നു.
Content Highlights: India plans stiffer fines for illegal immigrants