![search icon](https://www.reporterlive.com/assets/images/icons/search.png)
കൊൽക്കത്ത: കോൺഗ്രസും എഎപിയും സഖ്യത്തിലേർപ്പെട്ടാലും ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തെ തടുക്കാനാവില്ലായിരുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. ഡൽഹിയിലെ ജനങ്ങൾക്ക് ഒരു മാറ്റം അത്യാവശ്യമാണ്. നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ആ ജനവിധിയെ മാനിക്കണം. ജനത്തിന് തെറ്റ് പറ്റില്ല, നിങ്ങൾ ജനങ്ങളെ സമീപിക്കാൻ ശ്രമിച്ചു, പക്ഷേ കാര്യങ്ങൾ വിജയകരമായി ബോധ്യപ്പെടുത്താനായില്ലെന്നും അഭിഷേക് ബാനർജി പറഞ്ഞു.
ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ സൗത്ത് 24 പർഗനാസിൽ ഒരു ഹെൽത്ത് ക്യാമ്പ് സന്ദർശിക്കവെയാണ് അഭിഷേക് ബാനർജിയുടെ പ്രതികരണം. എഎപിക്ക് എതിരെയുളള ബിജെപിയുടെ പ്രചാരണം വിജയിച്ചുവെന്നും അഭിഷേക് ബാനർജി പറഞ്ഞു. ബിജെപിയുടെ പ്രചാരണത്തെ തടയാൻ എഎപിക്ക് കഴിഞ്ഞില്ല. കളളപ്രചാരണം നടത്താൻ ബിജെപിക്ക് പ്രത്യേക കഴിവുണ്ട്. എഎപിക്ക് ജനങ്ങളുമായി ഫലപ്രദമായി ആശയവിനിമയം നടത്താൻ സാധിച്ചിട്ടില്ലെന്നും അഭിഷേക് ബാനർജി പറഞ്ഞു. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപ മുഖ്യമന്ത്രി, മറ്റ് മന്ത്രിമാരുടേയും അറസ്റ്റുകൾ എഎപി സർക്കാരിന്റെ കൈകൾ കെട്ടിയിട്ടുവെന്നും അഭിഷേക് ബാനർജി വിമർശിച്ചു.
നേരത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഡൽഹി തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിൽ എഎപിയേയും കോൺഗ്രസിനേയും വിമർശിച്ചിരുന്നു. ഇൻഡ്യാ സഖ്യം ഒരുമിച്ച് പ്രവർത്തിച്ചിരുന്നെങ്കിൽ ഡൽഹിയിലും ഹരിയാനയിലും ഫലം വ്യത്യസ്തമാകുമായിരുന്നു. ഡൽഹി തിരഞ്ഞെടുപ്പിൽ എഎപിയെ കോൺഗ്രസ് സഹായിച്ചില്ല. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഒറ്റക്ക് വിജയിക്കും. ഇവിടെ കോൺഗ്രസിന് നിലനിൽപ്പില്ലായെന്നും മമത ബാനർജി പറഞ്ഞിരുന്നു.
മൂന്നാമതും അധികാരത്തിലെത്തുമെന്ന എഎപിയുടെ പ്രതീക്ഷയെ തകർത്തുകൊണ്ടായിരുന്നു 27 വർഷത്തിന് ശേഷം ബിജെപി ഡൽഹി പിടിച്ചത്. 2020ൽ എട്ട് സീറ്റ് മാത്രം നേടിയ ബിജെപി ഇത്തവണ സീറ്റ് നേട്ടം 48 ആയി ഉയർത്തി. എന്നാൽ 62 സീറ്റുണ്ടായിരുന്ന എഎപിയുടെ സീറ്റ്നില 22ലേയ്ക്ക് ചുരുങ്ങി. എഎപിയുടെ പ്രധാന നേതാക്കളായ അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ്, ദുർഗേഷ് പഥക്, സത്യേന്ദ്ര ജെയിൻ, അവധ് ഓജ, സോംനാഥ് ഭാരതി തുടങ്ങിയവർ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു.
Content Highlights: Abhishek Banerjee Says Congress AAP Alliance Coudn't have Stop BJP Sweeping in Delhi Poll