![search icon](https://www.reporterlive.com/assets/images/icons/search.png)
ചെന്നൈ: കണ്ടക്ടര്‍ മോശമായി പെരുമാറിയെന്നാരോപിച്ച് ബസ് മോഷ്ടിച്ച് യുവാവ്. ചെന്നൈയിലെ അക്കരൈയിലാണ് സംഭവം. ബെസന്റ് നഗര്‍ സ്വദേശിയായ എബ്രഹാം എന്ന യുവാവാണ് ബസ് മോഷ്ടിച്ചത്. ബസിന് കേട് സംഭവിക്കുന്നതിനായി ഇയാള്‍ ഒരു കോണ്‍ക്രീറ്റ് മിക്‌സറില്‍ കൊണ്ടുപോയി ഇടിച്ചുകയറ്റുകയും ചെയ്തു.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ തിരുവാണ്‍മിയൂര്‍ ബസ് ടെര്‍മിനലിലായിരുന്നു സംഭവം നടന്നത്. ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെ എബ്രഹാം ബസ് ടെര്‍മിനലില്‍ എത്തി. മദ്യ ലഹിരിയില്‍ ആയിരുന്ന ഇയാള്‍ അവിടെയുണ്ടായിരുന്ന ഒരു ബസിന്റെ താക്കോല്‍ കൈക്കലാക്കി ആളുകള്‍ പോകുന്നതിനായി കാത്തിരുന്നു. രണ്ട് മണിയായതോടെ ഇയാള്‍ ബസ് ഓടിച്ച് സ്റ്റാന്‍ഡില്‍ നിന്ന് പുറത്തിറങ്ങി നേരെ ഈസ്റ്റ് കോസ്റ്റ് റോഡിലേക്ക് നീങ്ങി. ഇതിനിടെ അക്കരൈ ചെക് പോസ്റ്റിന് സമീപത്തുവെച്ച് ബസ് ഒരു കോണ്‍ക്രീറ്റ് മിക്‌സര്‍ ട്രക്കുമായി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളുടേയും മുന്‍ഭാഗം തകര്‍ന്നു. അപകടം ശ്രദ്ധയില്‍പ്പെട്ടവര്‍ ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിച്ചു. ട്രക്കിലുണ്ടായിരുന്ന ഡ്രൈവറും പൊലീസിനെ വിളിച്ച് കാര്യം പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി കൈ കാണിച്ചിട്ടും ഇയാള്‍ ബസ് നിര്‍ത്താന്‍ തയ്യാറായില്ല. ബസിനെ പിന്തുടര്‍ന്നാണ് യുവാവിനെ പൊലീസ് പിടികൂടിയത്.
മോഷണത്തെപ്പറ്റി ചോദിച്ചപ്പോള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു എംടിസി ബസിലെ കണ്ടക്ടര്‍ തന്നോട് മോശമായി പെരുമാറിയെന്നും ഇതിന് പ്രതികാരമായാണ് ബസ് മോഷ്ടിച്ചതെന്നുമായിരുന്നു യുവാവിന്റെ പ്രതികരണം. യുവാവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
Content Highlights- drunk man steals mtc bus in thiruvanmiyur