![search icon](https://www.reporterlive.com/assets/images/icons/search.png)
ന്യൂഡൽഹി; അയോധ്യ കേസിൽ പരിഹാരം കണ്ടെത്താൻ ദൈവത്തോട് പ്രാർത്ഥിച്ചുവെന്ന വാദം തള്ളി സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ബിബിസിയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത് സംബന്ധിച്ച അവതാരകന്റെ ചോദ്യത്തിന് അത് പൂർണമായും തെറ്റാണ് എന്നായിരുന്നു ചന്ദ്രചൂഡ് പ്രതികരിച്ചത്. തന്റെ പ്രതികരണത്തിന്റെ ഒരു ഭാഗം മാത്രമാണ് പ്രചരിച്ചത്. അത് തെറ്റാണെന്ന് വീണ്ടും വ്യക്തമാക്കുന്നുവെന്നും ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
ചന്ദ്രചൂഡിന്റെ തന്നെ വിവാദ വിധിന്യായങ്ങൾ, സുപ്രീംകോടതിയുടെ മേലുള്ള രാഷ്ട്രീയ സമ്മർദങ്ങൾ തുടങ്ങി കടുത്ത ചോദ്യങ്ങളായിരുന്നു അഭിമുഖത്തിൽ ഉയർന്നത്. രാഷ്ട്രീയ ഇടപെടലുകളെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവേ, സുപ്രീംകോടതി രാഷ്ട്രീയ സമ്മർദങ്ങളിൽ സ്വാധീനിക്കപ്പെടുന്നില്ലെന്ന് ചന്ദ്രചൂഡ് വ്യക്തമാക്കി.
ഗണേശ ചതുർത്ഥിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ചീഫ് ജസ്റ്റിസിന്‍റെ വസതി സന്ദർശിച്ചത് പോലുള്ള കാര്യങ്ങൾ ജുഡീഷ്യറിയുടെ സമഗ്രതയിൽ വിട്ടുവീഴ്ചക്ക് കാരണമാകുമെന്ന വാദവും അദ്ദേഹം തള്ളി. കേസുകൾ തീർപ്പാക്കുന്നതിനോ വിധി പ്രസ്താവത്തിനോ ഇത്തരം കാര്യങ്ങളുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സന്ദർശത്തിന് ശേഷവും അതിന് മുൻപും സർക്കാരിനെതിരായ വിധികൾ പ്രസ്താവിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെയും അദ്ദേഹം ന്യായീകരിച്ചു. ഭരണഘടനയുടെ യഥാർത്ഥ അന്തസത്തയോട് യോജിക്കുന്ന വിധിയായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: DY Chandrachud faced tough questions in BBC interview