
ന്യൂഡല്‍ഹി: അത്യാധുനിക സൗകര്യങ്ങളോടെ 150 കോടി ചെലവില്‍ ന്യൂഡല്‍ഹി കേശവ് കുഞ്ചില്‍ ആർഎസ്എസിന് പുതിയ കാര്യാലയം. പൂര്‍ണ്ണമായും പൊതുജനങ്ങളില്‍ സംഭാവന സ്വീകരിച്ചാണ് ഓഫീസ് കെട്ടിടം പണിതതെന്നാണ് ആര്‍എസ്എസ് അവകാശപ്പെടുന്നത്.
നാല് ഏക്കറിലായി അഞ്ച് ലക്ഷം സ്‌ക്വയര്‍ ഫീറ്റിലാണ് കെട്ടിടം പണിതിരിക്കുന്നത്. ഇതിനുള്ളില്‍ മൂന്ന് കെട്ടിടങ്ങള്‍, റെസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്‌സ്, 8,500 പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലൈബ്രറി, അഞ്ച് കിടക്കകള്‍ അടക്കമുള്ള സൗകര്യങ്ങളോട് കൂടിയ ആശുപത്രി, ഓഡിറ്റോറിയം, ഹനുമാന്‍ ക്ഷേത്രം എന്നിവയും ഉള്‍ക്കൊള്ളുന്നു.
മൂന്ന് ടവര്‍ കെട്ടിടങ്ങളില്‍ ഓരോന്നിലും 12 നിലകളുണ്ട്. താഴത്തെ നിലയിലാണ് ക്ലിനിക്കും ആശുപത്രിയും ഉള്‍പ്പെടുന്നത്. സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും ഇവിടുത്തെ സേവനം പ്രയോജനപ്പെടുത്താം. ഒരേസമയം 80 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന ഭക്ഷണശാലയും ഉണ്ട്.
സോളാർ ആശ്രയിച്ചാണ് കെട്ടിടത്തിലെ വൈദ്യുതി. പൂര്‍ണ്ണമായും സിസിടിവി നിരീക്ഷണത്തിലുള്ള കെട്ടിടത്തിൽ സിഐഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടാവും. അഞ്ച് രൂപയില്‍ തുടങ്ങി ലക്ഷങ്ങള്‍ വരെ സംഭാവന നല്‍കിയിട്ടുണ്ടെന്നാണ് ആര്‍എസ്എസ് പറയുന്നത്.
Content Highlights: RSS unveils Delhi headquarters built at 150 crore